തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങി. വിജയിന്റെ കുടുംബജീവിതം പരാമർശിച്ച് ഉദയനിധി ആഞ്ഞടിച്ചപ്പോൾ, ഡിഎംകെയ്‌ക്കെതിരെ വിജയ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു.
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ രാഷ്ട്രീയ പോരാട്ടം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്‍ക്കെതിരെ കടുത്ത വ്യക്തിപരമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിജയിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഉദയനിധി നിയമസഭയ്ക്ക് പുറത്ത് ആഞ്ഞടിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയാലാണ് കർഷകർ സമരം ചെയ്യുന്നതെന്ന വിജയ്‍യുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഉദയനിധി പറഞ്ഞു.
'താൻ ഒരു 'കുട്ടിക്കഥ' പറയുകയാണെന്ന വിജയ്‍യുടെ പ്രസ്താവന കർഷകരുടെ അന്തസ്സിന് നിരക്കാത്തതാണ്. ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ തിരഞ്ഞുനടന്ന ഭാര്യയുടെ കഥ തമിഴ്‌നാടിന് നന്നായി അറിയാം. അതുകൊണ്ട് വിജയ്, തൽക്കാലമെങ്കിലും അതൊക്കെ മറക്കുന്നതാണ് നല്ലത്," ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനായി വിജയ്‍യുടെ ഭാര്യ സംഗീത സ്വർണലിംഗം 2025 ഡിസംബറിൽ ചെങ്കൽപ്പേട്ട് ഫാമിലി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയെ പരോക്ഷമായി പരാമർശിച്ചായിരുന്നു ഉദയനിധിയുടെ ഈ വ്യക്തിപരമായ കടന്നാക്രമണം. ഈ ഉയർന്ന പ്രൊഫൈൽ വിവാഹമോചന കേസിൽ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് ഏഴിനാണ് നിശ്ചയിച്ചിരിക്കുന്നത്.
'സഭ സിനിമാ തിയേറ്ററാക്കുന്നു'
അതിനു മുൻപ് സഭയ്ക്കുള്ളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രി വിജയ് ഡിഎംകെയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി ഫണ്ട് പിരിവിന്റെ പേരിൽ ഡിഎംകെ തട്ടിയെടുത്ത ജനങ്ങളുടെ പണം തന്റെ സർക്കാർ തിരിച്ചുപിടിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലുള്ള ഡിഎംകെ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി എഴുന്നേറ്റു. കൃത്യമായ തെളിവുകളോടെയല്ലാതെ മുഖ്യമന്ത്രി സംസാരിക്കരുതെന്ന് ഉദയനിധി സ്റ്റാലിൻ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ റൂളിംഗ് നൽകി. തുടർന്ന്, മുൻ ഡിഎംകെ സർക്കാരിനെപ്പോലെ ടിവികെ സർക്കാർ അഴിമതി നടത്തില്ലെന്നും ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. ഇതിനിടെ, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ പ്രശസ്തമായ ഒരു കൈയംഗ്യം (എല്ലാം ശരിയായി എന്ന അർത്ഥത്തിൽ മുൻപ് കാണിച്ചത്) വിജയ് സഭയിൽ അനുകരിച്ചതും വലിയ ചർച്ചയായി.
സഭയ്ക്ക് പുറത്തിറങ്ങിയ ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 'ടിവികെ നിയമസഭയെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റിയിരിക്കുകയാണ്. അവർ ഇപ്പോൾ സഭയ്ക്കുള്ളിൽ വിസിലടിക്കാൻ തുടങ്ങിയിരിക്കുന്നു. വൈകാതെ മന്ത്രിമാർ പാട്ടുപാടി ഡാൻസ് കളിക്കാൻ തുടങ്ങും. മുഖ്യമന്ത്രിയുടെ പ്രസംഗം വെറും സോഷ്യൽ മീഡിയ 'റീൽസിനായി' തയാറാക്കിയതായിരുന്നു. 30 മിനിറ്റ് നീണ്ട ആ പ്രസംഗം കൃത്രിമവും മുൻകൂട്ടി എഴുതി തയ്യാറാക്കിയതുമാണ്. അദ്ദേഹം സഭയിൽ അഭിനയിക്കുകയാണ്. സ്പീക്കർ 'ആക്ഷനും' 'കട്ടും' പറയുന്നതുപോലെ തോന്നി. അടുത്തതായി സഭയിലേക്ക് കാരവാനും മേക്കപ്പ്മാനും സ്റ്റണ്ട് മാസ്റ്ററും ഒക്കെ വരും. അവർ നിയമസഭയെ ഒരു ഷൂട്ടിങ് സ്പോട്ട് ആക്കി മാറ്റും' ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു.


