ഭോപ്പാൽ: മധ്യപ്രദേശിലെ നീവാരിയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ളാദിനായി പ്രാർത്ഥനയോടെ രാജ്യം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നാലാം ദിവസവും തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴല്‍കിണറിലകപ്പെട്ട കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചു. എന്നാൽ കുട്ടിയുടെ സുരക്ഷകൂടി കണക്കിലെടുത്തുള്ള യന്ത്രങ്ങളാകും ഉപയോഗിക്കുക. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ കളക്ടര്‍ പറഞ്ഞു.

58 അടി താഴ്ചയിലാണ് കുട്ടിയുള്ളത്. ആളുകള്‍ കൂട്ടമായി സംഭവ സ്ഥലത്തെത്തുന്നത് തടയാന്‍ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് കുഴിയിലകപ്പെട്ടത്.