കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചില്‍ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു

ദില്ലി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ ഓഗസ്റ്റ് അഞ്ചിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോൺഗ്രസ്. എംപിമാർ അന്നേദിവസം പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചില്‍ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. അതേസമയം, കോൺഗ്രസ് ലോക‍്‍സഭ കക്ഷി നേതാവ് അധിർ ര‍ഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ പ്രതിപക്ഷത്തും അതൃപ്തി പുകയുകയാണ്.

അധിർ രഞ്ജന് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അധിർ രഞ്ജൻ വടി കൊടുക്കുക ആയിരുന്നുവെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ. വിലക്കയറ്റം, ജിഎസ്‍ടി വിഷയങ്ങളിലും സ്‍മൃതി ഇറാനിയുടെ മകളുടെ ബാർ കേസിലും പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായിരുന്നു 'രാഷ്ട്രപത്നി' പരാമർ‍ശം.

അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ വിമർശനം. ഇതിനിടെ കേന്ദ്രമന്ത്രി സ്‍മൃതി ഇറാനിക്കെതിരെ ലോക‍്‍സഭ സ്പീക്കർക്ക് അധിർ രഞ്ജൻ ചൗധരി കത്തയച്ചതും ഏറെ ചര്‍ച്ചയായി.

'സംഭവിച്ചത് നാക്ക് പിഴ'; മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപദി മുർമുവിന് കത്തയച്ചു

രാഷ്ട്രപതിയെ സ്മൃതി അപമാനിച്ചുവെന്നാണ് ചൗധരിയുടെ ആരോപണം. ലോക‍്സഭയിലെ പ്രസംഗത്തിനിടെ, രാഷ്ട്രപതിയെ ദ്രൗപദി മുർമു എന്ന് മാത്രം വിളിച്ചുവെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ബഹുമതി പ്രയോഗങ്ങൾ സ്‍മൃതി പ്രയോഗിച്ചില്ല. കേന്ദ്രമന്ത്രിയുടെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിക്കെതിരായ പരാമർശങ്ങളും രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് ചൗധരി കത്തിലൂടെ ആവശ്യപ്പെട്ടു.