ലക്നൗ: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കേസ് കൊടുത്ത വിദ്യാര്‍ഥിയെ ഹാജര്‍ കുറവിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. എല്‍എല്‍എം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ പരാതിക്കാരിയെയാണ് പരീക്ഷ എഴുതുന്നതില്‍ അധികൃതര്‍ വിലക്കിയത്. തിങ്കളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ കനത്ത സുരക്ഷാവലയത്തില്‍ എഴുതിയ 23കാരിയായ പെണ്‍കുട്ടിയെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് ജ്യോതിബായി ഫൂലെ റോഹില്‍ഖണ്ഡ് യൂണിവേഴ്സിറ്റി വിലക്കി.

പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്നും പെണ്‍കുട്ടിക്ക് ഹാജര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ചിന്മായന്ദില്‍ നിന്ന് പണം വേണമെന്ന ഭീഷണിപ്പെടുത്തിയ കേസില്‍ ഷാജഹാന്‍പൂര്‍ ജയിലിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. ജയിലില്‍ നിന്നാണ് പെണ്‍കുട്ടി പരീക്ഷക്കെത്തിയത്. പെണ്‍കുട്ടിക്ക് പരീക്ഷയെഴുതാന്‍ കോടതിയില്‍നിന്ന് പ്രത്യേക ഉത്തരവില്ലെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് ചിന്മായനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മായനന്ദിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തെന്ന കേസില്‍ പെണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 376 സി വകുപ്പ് പ്രകാരമാണ് ചിന്മായനന്ദിനെ അറസ്റ്റ് ചെയ്തത്. പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് കേസ്. ബലാത്സംഗക്കുറ്റം ചുമത്താത്തിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കില്ല. 376 സി പ്രകാരം അഞ്ച് മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. ചിന്മയാനന്ദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.