Asianet News MalayalamAsianet News Malayalam

ആധാറിനെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി, ജ. ചന്ദ്രചൂഢ് മാത്രം വിയോജിച്ചു

ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ് എന്നിവർ കേസിൽ ഇനി പുനഃപരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതിയപ്പോൾ വിയോജിച്ചത് ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം. വിശാലബഞ്ച് ഈ കേസ് പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ആവശ്യപ്പെട്ടത്.

supreme court dismisses review petitions challenging aadhar verdict justice chandrachud dissents
Author
New Delhi, First Published Jan 20, 2021, 6:37 PM IST

ദില്ലി: ആധാറിനെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. ഭരണഘടനാ ബഞ്ചിലെ നാല് ജഡ്ജിമാർ ഹർജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം അതിനോട് വിയോജിച്ചു. കേസ് വിശാലബഞ്ചിലേക്ക് വിടണമെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് സ്വന്തം വിധിന്യായത്തിൽ പറഞ്ഞത്. അങ്ങനെ, ഏകവിയോജനവിധിയോടെ 4 : 1 എന്ന നിലയിൽ പുനഃപരിശോധനാ ഹർജികൾ തള്ളാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. 

ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ് എന്നിവർ കേസിൽ ഇനി പുനഃപരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതി. എന്നാൽ ഇതിനോട് വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ് എഴുതിയത് ഇങ്ങനെ: ''ഈ കേസിൽ വിശദമായ വാദം കേൾക്കാനും എല്ലാ വാദങ്ങളുടെയും പൊരുൾ പരിശോധിക്കാനും അന്തിമതീരുമാനം എടുക്കാനും വിശാലബഞ്ചിലേക്ക് വിടുകയാണ് ഉചിതം. അത് നിഷേധിക്കുന്നത് ഭരണഘടനാതത്വങ്ങളുടെ നിഷേധമാകും''.

എന്നാൽ നേരത്തേ പുറപ്പെടുവിച്ച വിധിയിൽ പുനഃപരിശോധന എന്തുകൊണ്ട് വേണം എന്ന കാര്യം സ്ഥാപിക്കുന്ന രീതിയിൽ ഒരു വാദവും ഉന്നയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നാണ് മറ്റ് നാല് ന്യായാധിപരും എഴുതിയത്. രണ്ട് പേജുള്ള വിധിന്യായമാണ് നാല് ന്യായാധിപരും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്. 

2013-ൽ തുടങ്ങിയതാണ് സുപ്രീംകോടതിയിൽ ആധാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങൾ. 2016-ലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ആധാർ നിയമപരമായി നിലനിൽക്കുമെന്ന് കാണിച്ച് ഭൂരിപക്ഷവിധി പ്രസ്താവിച്ചത്. സബ്സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമായി തുടരും. എന്നാല്‍, ബാങ്ക് അക്കൗണ്ടിനും മൊബൈൽ നമ്പറിനും ആധാർ വേണ്ട. സ്കൂൾ പ്രവേശനം, വിവിധ പരീക്ഷകൾ എന്നിവയ്ക്കും ആധാർ ചോദിക്കരുത്. സ്വകാര്യ കമ്പനികൾ ആധാർ ചോദിക്കരുത. ആധാർ നിയമത്തിലെ ചില വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios