പരീക്ഷകളിൽ വിജയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന ആരോപണത്തിൽ മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ദില്ലി: മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരീക്ഷകളിൽ വിജയിക്കാൻ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കുകയടക്കം ചെയ്തുവെന്ന ചെയ്തുവെന്ന ആരോപണത്തിൽ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയ മുൻ ഐഎഎസ് പരിശീലക ഓഫീസർ പൂജ ഖേദ്കറിന് ആശ്വാസം നല്‍കുന്ന വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ദില്ലി പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി പൂജയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ, 35,000 രൂപയുടെ ജാമ്യം കെട്ടിവെച്ച് അവരെ ജാമ്യത്തിൽ വിടണം. ഇതിനിടയിൽ, സാക്ഷികളെ സ്വാധീനിക്കരുതെന്നും രേഖകളിലുള്ള തെളിവുകൾ നശിപ്പിക്കരുതെന്നും പൂജയ്ക്ക് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, പൂജ ഖേദ്കറുടെ നടപടികൾ പ്രാഥമികമായി കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിച്ച 2024 നവംബറിലെ ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതി ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. പൂജ ഖേദ്കർ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല എന്ന ദില്ലി ഹൈക്കോടതിയുടെ നിഗമനം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പൂജ ഖേദ്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
'അവർ കൊലപാതകം ചെയ്തിട്ടില്ല'
"സഹകരിക്കാതിരിക്കുക എന്നതിനർത്ഥമെന്താണ്?" ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു, അവർ കൊലപാതകം ചെയ്തിട്ടില്ല... ഇത് എൻഡിപിഎസ് (മയക്കുമരുന്ന് വിരുദ്ധ നിയമം) കുറ്റമല്ല. അവർ സഹകരിക്കും." - കോടതി പറഞ്ഞു.
ദില്ലി പോലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, ഗൂഢാലോചനയുടെ വിശദാംശങ്ങൾ കണ്ടെത്താൻ പൊലീസിന് തുടർച്ചയായ കസ്റ്റഡി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പൂജയെ വിട്ടയക്കുന്നതിനെ എതിർത്തിരുന്നു.
പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് നേരത്തെ പൂജ ഖേഡ്കറെ പുറത്താക്കിയത്. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസിൽ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്. പൂജ ഹാജക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തൽ.
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. പുനെയിലെ സബ് കളക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ചട്ടങ്ങൾ അനുസരിച്ച്, ഐഎഎസ് ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചതും വിവാദമായിരുന്നു.


