ഒരേ കുറ്റത്തിന് രണ്ട് കോടതികളിൽ വിചാരണ നേരിടേണ്ടതില്ലെന്ന വാദമാണ് സനൽ മുന്നോട്ട് വച്ചത്. 

ദില്ലി: ആലപ്പുഴയിൽ തനിക്കെതിരെ നിലവിലുള്ള തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന യുക്തിവാദി നേതാവ് സനൽ ഇടമറുകിന്റെ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതേ പരാതിയിൽ ഫിൻലാൻഡിലെ ഹെൽസിങ്കി ജില്ലാ കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റത്തിന് രണ്ട് കോടതികളിൽ വിചാരണ നേരിടേണ്ടതില്ലെന്ന വാദമാണ് സനൽ മുന്നോട്ട് വച്ചത്. എന്നാൽ ഈക്കാര്യം കോടതി അംഗീകരിച്ചില്ല. 

നിലവിൽ ഫിൻലാൻഡ് കോടതിയിലെ നടപടികൾ തുടരുകയാണെന്നാണ് കേസിലെ പരാതിക്കാരി പ്രമീളാ ദേവിയുടെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചത്. ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ തട്ടിപ്പ് പരാതിയിലാണ് സനൽ ഇടമറുകിനെതിരെ കേസ് എടുത്തത്. ഈ കേസ് നിലവിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. കേസിൽ സനൽ ഇടമറുകിന് വേണ്ടി സീനിയർ അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ എന്നിവർ ഹാജരായി. പ്രമീള ദേവിക്ക് വേണ്ടി അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി ഹാജരായി. നേരത്തെ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ വെച്ച് മാര്‍ച്ചിൽ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റർപോൾ പുറപ്പടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നോട്ടീസ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....