മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിനിടെ ദില്ലി മെട്രോ അടച്ച പൊലീസ് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും നിർദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്‍റർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജീവരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. ഇന്നലെ ദില്ലിയിലെ തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സ്ഥിതിയുണ്ടായി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവങ്ങളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പൊലീസും മെട്രോ അടച്ച ഡിഎംആർസിയോടും റിപ്പോർട്ട് തേടി.


