കശ്മീര്‍: കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ള പാർട്ടികള്‍ നൽകിയ ഹർജികൾക്ക‌് പുറമെ ഫറൂഫ് അബ്ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്ന‌് ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. വൈക്കോയുടെ ഹർജിയിൽ കേന്ദ്രത്തിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതിന് പുറമെ കശ്മീരിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി നൽകിയ പുതിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. 

എന്നാല്‍ കശ്മീരിലെ സ്ഥിതി ശാന്തമാണെന്നും പ്രതിപക്ഷം നടത്തുന്നത് വ്യാജമാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. കശ്മീരിലെ 196 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പിൻവലിച്ചു. ഒമ്പത് പൊലീസ് സറ്റേഷന്‍ പരിധികളില്‍ മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ ഉള്ളത്. ഇവിടെ മാത്രമാണ് വലിയ പ്രകടനങ്ങള്‍ നടത്തുന്നതിന് അനുമതി നിഷേധിച്ചിട്ടുള്ളത്. കശ്മീരിലെ സ്ഥിതി ശാന്തമാണ്. ഒരു നിയന്ത്രണങ്ങളുമില്ലെന്ന് അമിത് ഷാ പറഞ്ഞു.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി താഴ്‍വരയിലേക്ക് ആയിരക്കണക്കിന് സൈനികരെ കേന്ദ്രസർക്കാർ വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ ഇന്‍റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിക്കുകയും രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പാർലമെന്‍റിലെത്തി അമിത് ഷാ ഈ പ്രഖ്യാപനം നടത്തുന്നതും ഓർഡിനൻസായി ഇറക്കി പാസ്സാക്കി രാഷ്ട്രപതിയെക്കൊണ്ട് ഒപ്പുവപ്പിയ്ക്കുന്നതും. 

Read Also: 'കശ്മീരിൽ എവിടെ നിയന്ത്രണങ്ങൾ?', പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ