മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയായ മഹേശ്വരിയെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ സ്വദേശി യഷ് താപ്പേ ഗോവയിൽ പിടിയിലായി. മോഷണത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് 71കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് മഹേശ്വരി. ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ച് ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം നേപ്പാൾ സ്വദേശി യഷ് താപ്പേയിൽ എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

YouTube video player