ചതുഷ്കോണ മത്സരമായാലും പഞ്ചകോണ മത്സരമായാലും കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകുമെന്ന് സ്വരാജ്. കവളപ്പാറയിൽ താൻ എത്തിയില്ലെന്ന് പറയുന്നത് ഓർമക്കുറവ് കൊണ്ടായിരിക്കാമെന്നും സ്വരാജ്.
നിലമ്പൂർ: കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ താൻ എത്തിയില്ല എന്നതുപോലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ദുരന്ത ഭൂമിയിൽ ആദ്യം എത്തിയവരിൽ ഒരാളായിരുന്നു താൻ. എറണാകുളത്ത് നിന്നും നേരെ അന്ന് കവളപ്പാറയിലേക്കാണ് വന്നത്. അന്നത്തെ കാലാവസ്ഥയിൽ സാഹസികമായ യാത്രയായിരുന്നു അത്. അവിടെ പ്രവർത്തിച്ചത് ജനങ്ങൾ വിലയിരുത്തും. ആരോപണം ഉന്നയിച്ചത് ഓർമക്കുറവു കൊണ്ടാകാമെന്നും സ്വരാജ് പറഞ്ഞു. കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ സ്വരാജ് എത്തിയില്ലെന്ന് പി വി അൻവറാണ് ആരോപണം ഉന്നയിച്ചത്.
ചതുഷ്കോണ മത്സരമായാലും പഞ്ചകോണ മത്സരമായാലും കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകുമെന്ന് സ്വരാജ് പറഞ്ഞു. ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയതയ്‌ക്കെതിരെയുള്ള സിപിഎമ്മിന്‍റെ നിലപാടിനെ ചോദ്യംചെയ്യാൻ ഒരു യൂത്ത് കോൺഗ്രസും ആയിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. വർഗീയതയുമായി എന്നും സന്ധി ചെയ്തിട്ടുള്ളത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തെ കുറിച്ചുള്ള തന്‍റെ നിലപാട് വിവാദമാക്കുന്നവർക്ക് സ്വരാജിന്‍റെ മറുപടിയിങ്ങനെ- "ഇന്ത്യ യുദ്ധം ആഗ്രഹിച്ചിട്ടില്ല. സർക്കാരും യുദ്ധം ആഗ്രഹിച്ചിട്ടില്ല. തീവ്രവാദികൾക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അതിനെ ആരും എതിർത്തിട്ടില്ല. എന്നാൽ ആധുനിക കാലത്ത് യുദ്ധത്തിന്‍റെ കെടുതികളെ കുറിച്ച് ബോധ്യമുള്ള മനുഷ്യരാരും യുദ്ധത്തിന് വേണ്ടി വാദിക്കില്ല. ലോകമെമ്പാടുമുള്ള ഇടതുപക്ഷക്കാർ സമാധാനത്തിന്‍റെ പക്ഷത്താണ്. ഒരു രാജ്യവും തമ്മിൽ യുദ്ധമുണ്ടാവരുത്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടരുത്."
എം സ്വരാജിന്റെ പര്യടനം തുടരുകയാണ്. ഇടതു പ്രചാരണത്തിനായി മന്ത്രിമാർ അടക്കം കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ എത്തും. നിലമ്പൂരിൽ ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ സാധുവായ നാമനിർദേശ പത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും.




