നിലമ്പൂരില്‍ നല്ല സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതിന്  ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും സച്ചിദാനന്ദന്‍ അഭിനന്ദനങ്ങളും അറിയിച്ചു.

മലപ്പുറം: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കവി സച്ചിദാനന്ദൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സച്ചിദാന്ദന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ട് നിലമ്പൂരിൽ ആയിരുന്നെങ്കിൽ സ്വരാജിന് വോട്ട് ചെയ്യുമായിരുന്നുവെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. നിലമ്പൂരില്‍ നല്ല സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതിന് ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

സച്ചിദാനന്ദന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

നിലമ്പൂരില്‍ നല്ല സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതിന് ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും അഭിനന്ദനങ്ങൾ. സ്വരാജ് നല്ല പാര്‍ലമെന്റേറിയനും പ്രഭാഷകനും സഹൃദയനും ആണ്. ഷൗക്കത്ത് സാംസ്കാരിക പ്രവര്‍ത്തകനും, കേരളത്തിൽ ഒരു സാംസ്കാരിക സദസ്സ് സംഘടിപ്പിക്കാന്‍ സഹായിക്കാൻ ഡല്‍ഹിയില്‍ എന്‍റെ ഫ്ലാറ്റില്‍ രണ്ടുകുറി വന്നിട്ടുള്ള ആളും ആണ്. എന്‍റെ വോട്ട് നിലമ്പൂരില്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ യുദ്ധകാലത്ത് യുദ്ധവിരുദ്ധ നിലപാട് എടുക്കാന്‍ ധീരത കാട്ടിയ സ്വരാജിന് വോട്ടു ചെയ്യുകയും, ഇരുവരുടെയും സൗഹൃദവും അന്യോന്യബഹുമാനവും തുടര്‍ന്നും നില നില്‍ക്കണം എന്നും, രണ്ടു പേരും ഫാസിസ ത്തിനെതിരെ ഇന്ത്യാ മുന്നണിയെ ശക്തിപ്പെ ടുത്തണം എന്നും ആഗ്രഹിക്കുകയും ചെയ്യും. നമുക്ക് സംസ്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ ആവശ്യമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം