കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാ. പോള്‍ തേലക്കാട്. കേസിൽ നാലാം പ്രതിയാണ് ഫാ. ആന്‍റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്.

കൊച്ചി: സിറോ മലബാർ സഭാ വ്യാജരേഖാ കേസിൽ പ്രതികളായ ഫാ. പോള്‍ തേലക്കാടും ഫാ. ആന്‍റണി കല്ലൂക്കാരനും മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. ആലുവ ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ സൈബർ പോലീസ് സ്റ്റേഷനിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇരുവരുടെയും ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്. ലാപ് ടോപ്പുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും ഇന്ന് ചോദ്യം ചെയ്യൽ.

കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാ. പോള്‍ തേലക്കാട്. കേസിൽ നാലാം പ്രതിയാണ് ഫാ. ആന്‍റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്.

ജൂൺ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. കർദിനാള്‍ മാ‍ർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാടും നാലാം പ്രതിയായ ഫാ. ആന്‍റണികല്ലൂക്കാരനും ചേർന്ന് ഗൂഢാലോചന നടത്തി മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജരേഖ ചമച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.