ദില്ലി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ബിജെപിയുടെ 'ഓപ്പറേഷൻ താമര' നീക്കം പൊളിഞ്ഞുവെന്ന് ദില്ലി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്ന് കെജ്‌രിവാൾ അറിയിച്ചു.

ദില്ലി : കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഓപ്പറേഷൻ താമര നീക്കവും സജീവമായ ദില്ലിയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല. ദില്ലി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും ബിജെപിയുടെ 'ഓപ്പറേഷൻ താമര' നീക്കം പൊളിഞ്ഞുവെന്ന് ദില്ലി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്നും കെജ്‌രിവാൾ അറിയിച്ചു.

എന്നാൽ അഴിമതി ആരോപണങ്ങളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ദില്ലി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആരാണ് ആവശ്യപ്പെട്ടതെന്ന് ബിജെപി ചോദിച്ചു. ദില്ലിയിലെ സർക്കാർ സുരക്ഷിതമാണെന്നും മദ്യനയ അഴിമതി കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായുള്ള അടവാണിതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. 

ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്

ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ആംആദ്മി ഉയര്‍ത്തിയത്. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് 800 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും നേരത്തെ കെജ്രിവാൾ തുറന്നടിച്ചിരുന്നു. നീക്കം തടഞ്ഞ ആംആദ്മി, എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്ത് തങ്ങൾക്കൊപ്പമെന്ന് ഉറപ്പിച്ചു. 70 അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആംആദ്മി പാർട്ടിക്കുള്ളത്. ഇതില്‍ 53 പേർ കെജ്രിവാൾ വിളിച്ച യോഗത്തിന് നേരിട്ടെത്തുകയും ബാക്കിയുള്ളവർ വിർച്ച്വലായി പങ്കെടുക്കുകയും ചെയ്തു. ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപവീതം വാഗ്ദാനം ചെയ്ത് നാല്‍പത് എംഎല്‍എമാരെ അടർത്തിമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. നാല്‍പത് എംഎല്‍എമാർക്ക് ഇരുപത് കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഈ പണം എവിടുന്ന് കിട്ടിയെന്നും നേതാക്കൾ ചോദിച്ചു. 

'ഒന്നിന് പുറകെ ഒന്നായി സംസ്ഥാന സർക്കാരുകൾ വീഴുന്നു,ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലർ' അരവിന്ദ് കെജ്‌രിവാൾ