ചെന്നൈ: തമിഴ്നാട്ടിൽ ആശ്വാസത്തിൻ്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.

തമിഴ്നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ഇന്ന് 25 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊവിസ് ബാധിതരുടെ എണ്ണം 1276 ആയി. അതേസമയം  കൊവിഡ് ബാധിച്ച് മരണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്. കോയമ്പത്തൂരിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിൽ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച 22 ജില്ലകളിൽ നിയന്ത്രണം തുടരുകയാണ്.