ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനാവശ്യത്തെ എതിർത്ത് കോൺഗ്രസ്. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്ന് കോൺഗ്രസ് തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. നളിനി, പേരറിവാളൻ ഉൾപ്പടെ 7 പ്രതികളും കൊലപാതകികൾ തന്നെയെന്ന് കോൺഗ്രസ് പ്രതികരിച്ചു. അതേ സമയം മാനുഷികപരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് സിപിഎം എംപി സു വെങ്കടേശൻ രാഷ്ട്രപതിക്ക് കത്ത് അയച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്.  കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്. 

സിബിഐയുടെ അന്വേഷണത്തിൽ രാജീവ് വധത്തിന്‍റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവർ മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.