തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് സിപിഎം പിന്നോട്ട് പോകാൻ സാധ്യത. അഞ്ച് സീറ്റുകൾ ലഭിക്കുകയാണെങ്കിൽ, അതിലൊന്ന് ചെന്നൈ നഗരപരിധിയിൽ വേണമെന്ന ഉപാധിയോടെ അംഗീകരിക്കാൻ തയ്യാറാണെന്ന് പാർട്ടി സൂചന നൽകി. അന്തിമ തീരുമാനത്തിനായി സിപിഎം നേതൃത്വം മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഉടൻ കൂടിക്കാഴ്ച നടത്തും
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡി എം കെയുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി സി പി എം. ഡി എം കെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി. എന്നാൽ ചർച്ചകൾക്കൊടുവിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് ഉപാധികളോടെ അംഗീകരിച്ചേക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി നൽകുന്ന സൂചന. അഞ്ച് സീറ്റേ ഉള്ളുവെങ്കിൽ, നിലവിൽ തീരുമാനിച്ചിട്ടുള്ള നാല് സീറ്റിന് പുറമേയുള്ള മണ്ഡലം ചെന്നൈ നഗരപരിധിയിലായിരിക്കണം എന്ന ഉപാധിയാകും സി പി എം മുന്നോട്ടുവെക്കുക എന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സി പി എം നേതൃത്വം ഉടൻ തന്നെ വീണ്ടും കൂടിക്കാഴ്ച നടത്തും. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ ശുഭ പ്രതീക്ഷയുണ്ടെന്നാണ് സി പി എം നേതാക്കളുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

