മന്ത്രിയുടേതെന്ന പേരിൽ മറ്റൊരു യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മന്ത്രി കീർത്തന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ളത് താനല്ലെന്ന് വ്യക്തമാക്കിയ കീർത്തന, ഇനി ആണെങ്കിൽ തന്നെ എന്താണ് പ്രശ്നമെന്നും ചോദിച്ചു. ഒന്നും ചെയ്യാനില്ലാത്തവരുടെ ഏറ്റവും പഴകിയ ആയുധമാണ് ഈ സ്ത്രീവിരുദ്ധതയെന്നും മന്ത്രി.
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന. മന്ത്രിയുടേതെന്ന പേരിൽ മറ്റൊരു യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മന്ത്രി കീർത്തന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ളത് താനല്ലെന്ന് വ്യക്തമാക്കിയ കീർത്തന, ഇനി ആണെങ്കിൽ തന്നെ എന്താണ് പ്രശ്നമെന്നും ചോദിച്ചു. ഒന്നും ചെയ്യാനില്ലാത്തവരുടെ ഏറ്റവും പഴകിയ ആയുധമാണ് ഈ സ്ത്രീവിരുദ്ധ പ്രചാരണമെന്നും മന്ത്രി തുറന്നടിച്ചു.
കഴിഞ്ഞദിവസങ്ങളിലാണ് മന്ത്രി കീർത്തനയുടേതെന്ന വ്യാജേന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. മന്ത്രിയുമായി രൂപസാദൃശ്യമുള്ള ഒരു യുവതിയാണ് വീഡിയോയിലുണ്ടായിരുന്നത്. ഇവർ ധരിച്ചിരുന്ന വസ്ത്രത്തെച്ചൊല്ലിയായിരുന്നു അധിക്ഷേപം. ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ച ടിവികെ മന്ത്രി എന്ന പേരിലാണ് പലരും ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ, ഈ വ്യാജപ്രചാരണത്തിന് പിന്നിൽ ഡിഎംകെ പ്രവർത്തകരാണെന്നാണ് ടിവികെയുടെ ആരോപണം. സംഭവം വിവാദമായതോടെയാണ് മന്ത്രി കീർത്തന തന്നെ പൊതുയോഗത്തിലും പിന്നീട് സാമൂഹികമാധ്യമത്തിലും വിഷയത്തെക്കുറിച്ച് പ്രതികരണം നടത്തിയത്. വ്യാജ പ്രചരണത്തിൽ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും ഉന്നമിട്ടായിരുന്നു കീർത്തനയുടെ പ്രതികരണം.
എല്ലാ ശനിയും ഞായറും വ്യാജ പ്രചാരണം നടത്തുകയെന്നതാണ് അവരുടെ ജോലി. ഡിഎംകെയും എഐഎഡിഎംകെയും എല്ലാരീതിയിലും ഇന്റർനെറ്റിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ്. ആ വീഡിയോയിലുള്ള വ്യക്തി താനല്ലെന്നും പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ കീർത്തന പറഞ്ഞു. ഒരു സ്ത്രീയുടെ സാധാരണദിവസത്തെ ഒരു വീഡിയോ ആണത്. ആ വീഡിയോവെച്ച് വ്യാജപ്രചാരണം നടത്തുന്നവരുടെ ദുർബലമായ മാനസികാവസ്ഥയും പിന്തിരിപ്പൻ നിലപാടുകളുമാണ് അത് വ്യക്തമാക്കുന്നത്. പക്ഷേ, ഇതിലൊന്നും എനിക്ക് ഒരു അതിശയവുമില്ല. സ്ത്രീകൾക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ നേതാവിന്റെ അനുയായികളിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നും കീർത്തന സാമൂഹികമാധ്യമങ്ങളിൽ ചോദിച്ചു.
ആ വീഡിയോയിലുള്ളത് ഞാനല്ല. ഇനി ഞാൻ ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം. ഒരു സ്ത്രീയുടെ വസ്ത്രവും അവരുടെ രൂപവുമെല്ലാം ഇപ്പോഴും പൊതുവിചാരണ ചെയ്യുന്നത് എന്തുകൊണ്ടാണ്. പോസിറ്റീവായി ഒന്നും സംഭാവന ചെയ്യാൻ കഴിയാത്തവരുടെ ഏറ്റവും പഴകിയ ആയുധമാണ് സ്ത്രീവിരുദ്ധത. എന്റെ രൂപസാദൃശ്യമുള്ളത് കൊണ്ട് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ട ആ സ്ത്രീയോട് മാപ്പ് ചോദിക്കുന്നു. നിങ്ങൾ അതീവസുന്ദരിയാണെന്നും കീർത്തന കൂട്ടിച്ചേർത്തു.


