ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ബിജെപിയെ വിമർശിച്ചും ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് അറസ്റ്റിലായ അശോക സർവകലാശാല അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദ് അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ബിജെപിയെ വിമർശിച്ചും ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് അറസ്റ്റിലായ അശോക സർവകലാശാല അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദ് അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് അലി ഖാന്റെ ഹർജി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുമുന്നിൽ ഇന്ന് ഉന്നയിച്ചത്. തുടർന്ന് നാളെയോ മറ്റന്നാളോ ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അലി ഖാന്റെ അറസ്റ്റ് എതിരഭിപ്രായങ്ങളെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്നതിന് തെളിവാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സൈനികരെ പരസ്യമായി അധിക്ഷേപിച്ച സ്വന്തം മന്ത്രിമാർക്കെതിരെ നടപടിയെടുക്കാത്ത ബിജെപി സർക്കാറിനെ ചോദ്യം ചെയ്തവർ രാജ്യത്തിന് ഭീഷണിയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇന്നലെയാണ് ഹരിയാന പോലീസ് അലി ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാണ്.