ദക്ഷിണ ബെംഗളൂരുവിലെ ഭാനശങ്കരി സ്റ്റേജ് 3ലെ ശ്രീ ശണേഷ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് വൻ വിലയുള്ള ഷൂസ് മോഷണം പോയത്.
ബെംഗളൂരു: പതിവ് പോലുള്ള ക്ഷേത്ര സന്ദർശനത്തിനിടെ ടെക്കിക്ക് നഷ്ടമായത് വൻ വിലയുടെ ഷൂസ്. പിന്നാലെ പൊലീസിൽ പരാതിയുമായി യുവാവ്. അഞ്ച് മിനിറ്റുകൊണ്ട് 16000 രൂപ വിലവരുന്ന സ്പോർട്സ് ഷൂസാണ് ബെംഗളൂരുവിലെ ഗിരിനഗറിൽ താമസമാക്കിയ ടെക്കി യുവാവിന് നഷ്ടമായത്. വെറും ആറ് മാസം മുൻപാണ് യുവാവ് ഷൂസ് വാങ്ങിയത്. നവംബർ ആറാം തിയതി വൈകുന്നേരം 7.20നും 7.25നും ഇടയിലാണ് മോഷണം നടന്നത്. ബൈക്കിൽ ക്ഷേത്രത്തിന് മുന്നിലെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്ത വന്ന ശേഷം ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ചെരിപ്പ് ഊരിയിടുന്ന സ്ഥലത്ത് ഷൂസ് ഊരിവച്ച ശേഷം ക്ഷേത്ര ദർശനത്തിനായി പോവുകയായിരുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഭാനശങ്കരി സ്റ്റേജ് 3ലെ ശ്രീ ശണേഷ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് വൻ വിലയുള്ള ഷൂസ് മോഷണം പോയത്.
സിസിടിവിയിൽ കണ്ട മഞ്ഞ ടീ ഷർട്ടുകാരനുവേണ്ടി തെരച്ചിലുമായി പൊലീസ്
അഞ്ച് മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി വന്നപ്പോഴേയ്ക്കും ഷൂസ് കാണാതായെന്നാണ് പരാതി. ജാപ്പനീസ് സ്പോർട്സ് ബ്രാൻഡ് ആയ ഏസിക്സിന്റെ ഷൂസാണ് കളവ് പോയത്. ഷൂസ് നഷ്ടമായ വിവരം ക്ഷേത്ര ഭാരവാഹികളേയും പൂജാരിയെ അറിയിച്ചപ്പോഴാണ് പതിവായി ഇത്തരം സംഭവം ക്ഷേത്രത്തിൽ നടക്കുന്നതായി ടെക്കി അറിയുന്നത്. മുൻപ് പൂജാരിയുടെ പുത്തൻ ചെരിപ്പും കള്ളന്മാർ കൊണ്ടുപോയിരുന്നു. നിരവധി വിശ്വാസികളും സമാന അനുഭവം നേരിട്ടെങ്കിലും പൊലീസിൽ പരാതിപ്പെടാൻ മുതിർന്നിരുന്നില്ല.
ഇതോടെയാണ് ടെക്കി യുവാവ് പൊലീസിനെ സമീപിച്ചത്. ക്ഷേത്ര പരിസരത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ചെരിപ്പ് വച്ചിരിക്കുന്ന ഭാഗത്ത് നഗ്നപാദനായി നടക്കുന്ന യുവാവിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ യുവാവിന്റെ ഷൂസുമായി കടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻപ് ആളുകൾ പിടികൂടിയ ചെരിപ്പ് കള്ളന്മാർ മദ്യം വാങ്ങാനുള്ള ചെറിയ പണത്തിന് വേണ്ടിയാണ് ചെരിപ്പ് മോഷ്ടിച്ചതെന്നാണ് വിശദമാക്കിയത്. മോഷണ കുറ്റമാണ് കേസിൽ ചുമത്തിയിട്ടുള്ളത്.


