ദേശീയ സഖ്യങ്ങള്‍ ഒന്നും വിജയിച്ചില്ലെന്നും ശക്തമായൊരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ വേണ്ടതെന്നും കെസിആര്‍ പറഞ്ഞു

ഹൈദരാബാദ്: ടിആര്‍എസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ ചന്ദ്രശേഖര്‍ റാവു (k chandrasekhar rao). നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ശക്തമായൊരു ദേശീയ പാര്‍ട്ടി ആവശ്യമാണന്ന് കെസിആര്‍ ചൂണ്ടികാട്ടി. ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കും. ദേശീയ സഖ്യങ്ങള്‍ ഒന്നും വിജയിച്ചില്ലെന്നും ശക്തമായൊരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ വേണ്ടതെന്നും കെസിആര്‍ പറഞ്ഞു. ടിആര്‍എസ്സിന്‍റെ സ്ഥാപക ദിനത്തിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്‍റെ പരാമര്‍ശം. 

രാജ്യത്ത് കോണ്‍ഗ്രസ് അപ്രസ്തക്തമായെന്ന് നേരത്തെ ടിആര്‍എസ് പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഫെഡറല്‍ സഖ്യത്തിന് കെസിആര്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോറിന്‍റെ ഐപാക്കുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കെസിആറിന്‍റെ പ്രതികരണം.