ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്വകാര്യ വാര്‍ത്താ ചാനല്‍ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേരും ന്യൂസ് ഡെസ്‍ക്കില്‍ ജോലി ചെയ്യുന്നവരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകർ 53 ആയി. 

ഇന്ന് 798 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം  8000 കടന്നു. കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കന്യാകുമാരി സ്വദേശിയായ 65 കാരൻ ഉൾപ്പടെ ആറ് പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്.

ഇതുവരെയുള്ളതിൽ വച്ചേറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേർക്കാണ് ഇവിടെ രോ​ഗം കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു കന്യാകുമാരി സ്വദേശിയും ഉൾപ്പെടുന്നു.  കന്യാകുമാരിയിൽ ഇതോടെ രോ​ഗബാധിതരുടെ എണ്ണം 25 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും കോയമ്പേട് ക്ലസ്റ്ററിൽ ഉൾപ്പെട്ടവരാണ്.