വാരാണസി: ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ട്രെയിനായ കാശി - മഹാകാൽ എക്സ്പ്രസിൽ ഒരു ബർത്തിൽ സ്ഥിരമായി ശിവവിഗ്രഹം വച്ച് പൂജിക്കാൻ തീരുമാനിച്ചെന്ന വാ‍ർത്ത ശരിയല്ലെന്ന് റെയിൽവേ. ട്രെയിനിലെ ബി -5 കോച്ചിലുള്ള 64-ാം നമ്പർ ബർത്താണ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി ശിവവിഗ്രഹം വച്ച് അലങ്കരിച്ചത്. ഇതിൽ സ്ഥിരമായി ശിവന്‍റെ വിഗ്രഹം വച്ച് ചെറുക്ഷേത്രമായി പരിപാലിക്കാൻ ആലോചിക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതാണിപ്പോൾ ഐആർസിടിസി (IRCTC) നിഷേധിച്ചിരിക്കുന്നത്.

മൂന്ന് പ്രധാനശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീവണ്ടിയാണ് കാശി - മഹാകാൽ എക്സ്പ്രസ്. മൂന്ന് ജ്യോതിർലിംഗങ്ങളാണ് ഈ മൂന്ന് ക്ഷേത്രങ്ങളിലുമുള്ളത് എന്നാണ് വിശ്വാസം. ഇന്ദോറിനടുത്തുള്ള ഓംകാരേശ്വർ, ഉജ്ജൈനിനടുത്തുള്ള മഹാകാലേശ്വർ, വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം എന്നിവയാണവ. ഈ മൂന്ന് ക്ഷേത്രനഗരങ്ങളെയും ബന്ധിപ്പിക്കുന്ന തീവണ്ടി ഫെബ്രുവരി 16-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. 

Read more at: കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചില്‍ ശിവക്ഷേത്രം, പൂജയും പരിഗണനയില്‍

എന്നാൽ, ട്രെയിനിൽ ദൈവത്തിന് സ്ഥിരമായി ഒരു ബ‍ർത്ത് എന്ന തരത്തിൽ സംഭവം വൻ വിവാദമായതോടെ, ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഇതിൽ ശിവവിഗ്രഹം വച്ച് അലങ്കരിക്കുക മാത്രമാണ് ചെയ്തതെന്നും, ഇത് സ്ഥിരമായി ഉപയോഗിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും, ഐആർസിടിസി വിശദീകരണക്കുറിപ്പുമായി രംഗത്തുവരികയായിരുന്നു. ഫ്ലാഗ് ഓഫിന് മുമ്പ് ഈ ബർത്ത് അലങ്കരിച്ച് പൂജ നടത്തി, ഉദ്യോഗസ്ഥർ അനുഗ്രഹം തേടിയതാണ്. ഇതിനായി ഒരു സ്ഥിരം ബർത്ത് ഏർപ്പെടുത്താനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും ഐആർസിടിസി വ്യക്തമാക്കുന്നു.

ഫെബ്രുവരി 20 2020- മുതലാണ് തീവണ്ടി കൊമേഴ്സ്യൽ റൺ തുടങ്ങുന്നത്. അന്ന് ഇത്തരം ബർത്ത് ഉണ്ടാകില്ലെന്നും, സാധാരണഗതിയിൽ മാത്രമാണ് സർവീസ് നടത്തുകയെന്നും ഐആർസിടിസി വ്യക്തമാക്കുന്നു.

Read more at: കാശി മഹാകാല്‍ എക്സ്പ്രസിലെ ക്ഷേത്രം; മോദിക്ക് വായിക്കാന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ഒവൈസി