ജയിലിൽ കഴിയുന്ന പർവേഷ് മൻ, കപിൽ മൻ എന്നീ ഗുണ്ടാ തലവൻമാരുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സിക്കന്ദർ എന്നയാളാണ് സൂരജ് മന്നിനെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം. പർവേഷ് മന്നിന്റെ സഹോദരനാണ് കൊല്ലപ്പെട്ട സൂരജ്.
നോയിഡ: എയർഇന്ത്യ ജീവനക്കാരനെ കൊലപ്പെടുത്തിയ ഷാർപ്പ് ഷൂട്ടറായ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന സിക്കന്ദർ എന്ന സതേന്ദ്രയെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. തടവുകാരായ ഗുണ്ടാ തലവന്മാർ പർവേഷ് മൻ, കപിൽ മൻ എന്നിവർ ജയിലിൽ ഏറ്റുമുട്ടുകയും ഇതിന്റെ പശ്ചാത്തലത്തിൽ പർവേഷ് മന്നിന്റെ സഹോദരനായ സൂരജ് മന്നിനെ സിക്കന്ദറിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒളിവിൽ പോയ സിക്കന്ദറിൻ്റെ തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ദാദ്രി റോഡിലെ ശശി ചൗക്ക് കട്ടിൽ പതിവ് വാഹന പരിശോധനക്കിടയിലാണ് പ്രതിയെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിലാണ് ഇയാൾ വന്നിരുന്നതെന്നും വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോകുകയായിരുന്നെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് മനീഷ് കുമാർ മിശ്ര പറഞ്ഞു. സെക്ടർ 42ലെ വനപ്രദേശത്തുവെച്ച് പ്രതിയെ പിന്നീട് കണ്ടെത്തുകയായിരുന്നു. പൊലീസിനു നേരെ വെടിയുതിർത്ത ഇയാളെ വെടിവെച്ചാണ് പിടികൂടിയതെന്നും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.
ഒരു പിസ്റ്റളും വെടിയുണ്ടകളും ഇയാളെത്തിയ മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിൽ മോട്ടോർ സൈക്കിൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. സിക്കന്ദറും ഷൂട്ടർമാരായ കുൽദീപ് എന്ന കല്ലുവും അബ്ദുൽ ഖാദിറും ചേർന്നാണ് സൂരജിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുൽദീപിനെയും അബ്ദുൽ ഖാദിറെനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
