കണക്ക് വന്നതിന് പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി.
ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ (High Court) 411 ജഡ്ജിമാരുടെ ഒഴിവുകളെന്ന് നിയമമന്ത്രാലയം. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ 8 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കണക്ക് വന്നതിന് പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി.
രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി 1098 ജഡ്ജിമാരെയാണ് ആകെ ആവശ്യമുള്ളത് . ഇതിൽ 829 പേർ സ്ഥിരം ജഡ്ജിമാരും 269 പേർ അഡീഷണൽ ജഡ്ജിമാരുമാണ്. എന്നാൽ നിലവിൽ 687 ജഡ്ജിമാരാണ് സ്ഥാനത്തുള്ളത്. 67 ജഡ്ജിമാരുടെ ഒഴിവോടെ അലഹബാദ് ഹൈക്കോടതിയാണ് നിയമനക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്.
നിലവിൽ, 172 നിയമന നിർദേശങ്ങൾ സർക്കാരും സുപ്രീം കോടതി കൊളീജിയവും ചേർന്നുള്ള പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഹൈക്കോടതികളിലെ 239 ഒഴിവുകളുടെ കാര്യത്തിൽ കൊളീജിയത്തിന്റെ കൂടുതൽ ശുപാർശകൾ ഇനിയും ലഭിക്കാനുണ്ട്. വിവിധ ഭരണഘടന സംവിധാനങ്ങളുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷമാണ് നിയമനപ്രക്രിയ പൂർത്തിയാകുന്നത്. കണക്ക് വന്നതിന് പിന്നാലെ 3 ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി
അതേ സമയം ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും വിരമിക്കലും രാജിയുമടക്കം ഇതിന് ആനുപാതികമല്ലെന്നത് കൊണ്ടാണ് കൂടുതൽ ഒഴിവുകളുണ്ടാകുന്നത്. ഒരു ഹൈക്കോടതി ജഡ്ജിയുടെ ഒഴിവ് നികത്തുന്നതിനുള്ള നിർദ്ദേശം ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒഴിവ് ഉണ്ടാകുന്നതിന് ആറ് മാസം മുമ്പേ നൽകേണ്ടതുണ്ട്. എന്നാൽ, ആ സമയക്രമവും പലപ്പോഴും ഹൈക്കോടതികൾ പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയിലെ 8 ജഡ്ജിമാരുടെയടക്കം രാജ്യത്ത് 411 ജഡ്ജിമാരുടെ ഒഴിവുണ്ടായത്.
