Asianet News MalayalamAsianet News Malayalam

മുസ്ലീം സ്ത്രീകള്‍ക്ക് എതിരെ ആപ്പ് വഴി വിദ്വേഷ പ്രചാരണം മുന്‍പും; പൊലീസ് ഗൗരവത്തോടെ കണ്ടില്ലെന്ന് ആക്ഷേപം

നേരത്തെയുള്ള പരാതികള്‍ ഗൗരവത്തോടെ  കാണാതിരുന്നതാണ് സമാന സംഭവങ്ങള്‍ ആവർത്തിക്കാൻ കാരണമെന്ന് മുന്‍പ് പരാതി നൽകിയവർ പറയുന്നു.
 

There has been a hate campaign against Muslim women through the app in the past
Author
Delhi, First Published Jan 5, 2022, 9:11 PM IST

ദില്ലി: മുസ്ലീം സ്ത്രീകളുടെ ചിത്രം അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിക്കുന്ന സംഭവം ഇതാദ്യമായല്ല രാജ്യത്ത് ചർച്ചയാവുന്നത്. സുള്ളി ഡീൽസ് (Sulli Deals) എന്ന വെബ്സൈറ്റിലൂടെ ഇത്തരം സൈബർ ആക്രമണത്തിന് ഇരയായവർ നേരത്തെയും പരാതി നൽകിയിരുന്നു. നേരത്തെയുള്ള പരാതികള്‍ ഗൗരവത്തോടെ കാണാതിരുന്നതാണ് സമാന സംഭവങ്ങള്‍ ആവർത്തിക്കാൻ കാരണമെന്ന് മുന്‍പ് പരാതി നൽകിയവർ പറയുന്നു.

ദില്ലിയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ‘ലേലത്തിന്’ എന്ന കുറിപ്പോടെ കഴിഞ്ഞ ജൂലൈയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രചാരണത്തിന്‍റെ ഉറവിടം തേടിയുള്ള ഇരകളുടെ അന്വേഷണമെത്തിയത് സുള്ളി ഡീൽസ് എന്ന വെബ്സൈറ്റില്‍. പ്രൊഫഷണലുകളും മാധ്യമപ്രവർത്തകരും ആക്റ്റിവിസ്റ്റുകളുമുൾപ്പടെ 100 കണക്കിന് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ അതിനോടകം വെബ്സൈറ്റില്‍ വന്നുകഴിഞ്ഞിരുന്നു. ദി പ്രിന്‍റിലെ മാധ്യമപ്രവർത്തകയായ ഫാത്തിമ ഖാൻ, പൈലറ്റായ ഹന മോസിൻ ഖാൻ, ജെഎൻയും ജാമിയ ഉൾപ്പടെയുള്ള സർവ്വകലാശാലകളിലെ വിദ്യാർത്ഥിനികൾ തുടങ്ങി നിരവധിപേർ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഗിറ്റ് ഹബ് എന്ന സൗജന്യ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സുള്ളി ഡീൽ എന്ന വൈബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഒരോ ദിവസവും ഓരോ സ്ത്രീയുടെ ഫോട്ടോ അപ്‍ലോഡ് ചെയ്ത ശേഷം വെബ്സൈറ്റ് സന്ദർശിക്കുന്നവരോട് ലേലം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് രീതി. സ്ത്രീകളുടെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള ലിങ്കോ, ഫോട്ടോയോ അപ്‍ലോഡ് ചെയ്ത് അതിനൊപ്പം അശ്ലീല തലക്കെട്ട് നൽകിയാണ് പ്രചാരണം. ഇരയായവർ ഓരോരുത്തരും അവരവരുടെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ജെഎൻയു വിദ്യാർത്ഥിനിയായ അഫ്രീൻ ജാമിയ മിലിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പരാതിക്ക് തൊട്ടുപിന്നാലെ വെബ്സൈറ്റ് നീക്കം ചെയ്തെങ്കിലും തലസ്ഥാനത്തെ പൊലീസിന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം നടത്താൻ പോലും ദില്ലി പൊലീസ് തയ്യാറായില്ല എന്നാണ് പരാതിക്കാരുടെ ആരോപണം. വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വിവരം നൽകാൻ ഗിറ്റ് ഹബിന് മാത്രമേ കഴിയു എന്നാണ് ദില്ലി പൊലീസിന്‍റെ ന്യായം. ഇതിനായി ഗിറ്റ് ഹബിന് നോട്ടീസ് അയക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയവും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ദില്ലിയിലും നോയിഡയിലും എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios