പാടലീപുത്രയിൽ നിന്ന് ബംഗളൂരുവിലേക്ക് സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്തയാളുടെ 2,000 രൂപ വിലയുള്ള ചെരിപ്പ് മോഷണം പോയി. സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവെച്ചതോടെ, ഇന്ത്യൻ റെയിൽവേയിൽ സമാനമായ മോഷണങ്ങൾ നേരിട്ട നിരവധി പേർ രംഗത്തെത്തി.
ബംഗളൂരു: ട്രെയിനിലെ സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്യവേ ചെരിപ്പ് മോഷണം പോയതായി യാത്രക്കാരന്‍റെ പരാതി. പാടലീപുത്രയിൽ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനിൽ സെക്കൻഡ് എസി ബർത്തിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചത്. ഈ അനുഭവം റെഡ്ഡിറ്റിലെ ‘ഇന്ത്യൻ റെയിൽവേസ്’ സബ്‌റെഡിറ്റിൽ പങ്കുവെച്ചതോടെ പോസ്റ്റ് വൈറലായി.
"ആളുകൾക്ക് സെക്കൻഡ് എസി ടിക്കറ്റ് എടുക്കാൻ കഴിയും, എന്നിട്ടും ചെരുപ്പ് മോഷ്ടിക്കും. ഇന്ത്യൻ റെയിൽവേ അനുഭവം," എന്ന തലക്കെട്ടോടെയാണ് യാത്രക്കാരൻ ദുരനുഭവം പോസ്റ്റ് ചെയ്തത്. "ഞാൻ നിലവിൽ പാടലീപുത്രയിൽ നിന്ന് ബംഗളൂരുവിലേക്ക് സെക്കൻഡ് എസിയിൽ യാത്ര ചെയ്യുകയാണ്, ഇന്ന് രാവിലെ ഉണർന്നപ്പോൾ എന്‍റെ ചെരിപ്പ് കാണാനില്ലായിരുന്നു," അദ്ദേഹം കുറിച്ചു.
"ആരെങ്കിലും അറിയാതെ എടുത്തുകൊണ്ടുപോയതാണോ അതോ ശരിക്കും മോഷ്ടിച്ചതാണോ എന്ന് ഉറപ്പില്ല. പക്ഷേ, സെക്കൻഡ് എസി ടിക്കറ്റ് വാങ്ങാൻ കഴിയുന്ന ആളുകൾക്ക് പോലും 2,000 രൂപ വിലയുള്ള ചെരുപ്പ് മോഷ്ടിക്കാൻ തോന്നുമല്ലോ," അദ്ദേഹം കൂട്ടിച്ചേർത്തു. "ഇപ്പോൾ എനിക്ക് സർ എം വിശ്വേശ്വരയ്യ ടെർമിനൽ സ്റ്റേഷനിലേക്ക് ചെരിപ്പില്ലാതെ നടക്കേണ്ടിവരും. ഒരർത്ഥത്തിൽ രസകരമാണ്, മറ്റൊരർത്ഥത്തിൽ ദേഷ്യം വരുന്നു" യാത്രക്കാരൻ പറഞ്ഞു.
സമാന അനുഭവങ്ങൾ ഒരുപാട് പേർക്ക്
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ചത്. "തേജസ് എക്‌സ്‌പ്രസിന്‍റെ ആദ്യ ഓട്ടത്തിൽ തന്നെ ആളുകൾ ഹെഡ്‌ഫോണുകൾ മോഷ്ടിച്ചു," ഒരു ഉപയോക്താവ് പറഞ്ഞു. "അതുപോലെ അവർ ബെഡ്ഷീറ്റുകളും പുതപ്പുകളും മോഷ്ടിക്കാറുണ്ട്," ഒരു ഉപയോക്താവ് എഴുതി. "അതുകൊണ്ടാണ് ഇന്ത്യൻ ശൈലിയിലുള്ള ടോയ്‌ലറ്റുകളിൽ ലോഹ മഗ്ഗുകൾ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നത്." എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. നേരത്തെ, ഡൽഹി-ഒഡീഷ പുരുഷോത്തം എക്‌സ്‌പ്രസിലെ ഫസ്റ്റ് എസി യാത്രക്കാർ റെയിൽവേ നൽകിയ ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിച്ച് കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടതിന്‍റെ വീഡിയോ വൈറലായിരുന്നു.


