സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങൾക്കും ജീവൻ നൽകാൻ 300 ലിറ്ററിലധികം മുലപ്പാൽ ദാനം ചെയ്ത് തിരുച്ചിറപ്പള്ളി സ്വദേശിനിയായ സെൽവ ബൃന്ദ റെക്കോർഡ് സൃഷ്ടിച്ചു.
തിരുച്ചിറപ്പള്ളി: സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങൾക്കും ജീവൻ നൽകാൻ സ്വന്തം മാതൃത്വം ഒരു നദിപോലെ ഒഴുക്കി തമിഴ്നാട്ടിലെ ഒരു അമ്മ രാജ്യത്തിന് അഭിമാനമായി മാറുന്നു. 300 ലിറ്ററിലധികം മുലപ്പാൽ ദാനം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി സ്വദേശിനിയായ സെൽവ ബൃന്ദ.
കഴിഞ്ഞ 22 മാസങ്ങളായി സെല്‍വ മുലപ്പാൽ ദാനം ചെയ്യുന്നുണ്ട്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) ചികിത്സയിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങൾക്ക് ബൃന്ദയുടെ ഈ മഹാമനസ്കത ജീവൻ രക്ഷിക്കാൻ സഹായിച്ചു. 2023-ൽ സെല്‍വയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടൻ തന്നെ എൻഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് സദുദ്യമത്തിന് തുടക്കമായത്.
കുഞ്ഞിന് നൽകുന്നതിനായി മുലപ്പാൽ പിഴിഞ്ഞെടുക്കാൻ സെല്‍വ നിർബന്ധിതയായി. അപ്പോൾ അധികമായി വന്ന മുലപ്പാൽ, സെല്‍വയുടെ അനുവാദത്തോടെ അതേ യൂണിറ്റിലെ മറ്റ് കുഞ്ഞുങ്ങൾക്ക് നൽകി. ഈ അനുഭവം സെല്‍വയുടെ മനസിൽ മുലപ്പാൽ ദാനമെന്ന മഹത്തായ ആശയത്തിന് വിത്തുപാകി. ഇപ്പോൾ ഈ ഉദ്യമം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരിക്കുകയാണ്.
2023 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ മഹാത്മാഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലെ മിൽക്ക് ബാങ്കിലേക്കാണ് സെല്‍വ മുലപ്പാൽ ദാനം ചെയ്തത്. തന്‍റെ മുലപ്പാൽ കൊണ്ട് ഇതുവരെ 1,000-ത്തിലധികം കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിച്ചുവെന്നും സെല്‍വ പറയുന്നു. ചെറിയ അളവിലാണെങ്കിൽ പോലും, അധികമുള്ള മുലപ്പാൽ ദാനം ചെയ്യാൻ എല്ലാ അമ്മമാരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ചെറിയ സംഭാവന പോലും നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പല കുഞ്ഞുങ്ങൾക്കും ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാമെന്നും ഈ അമ്മ ഓര്‍മ്മിപ്പിച്ചു.


