മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വലിയ വടി കൊണ്ട് നായയെ തല്ലി ചതയ്ക്കുകയായിരുന്നു.  നായയുടെ കാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.

ബെംഗളൂരു: ബെംഗളൂരുവില്‍ നായയെ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ കെആർ പുരത്ത് ആണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെ ആയിരുന്നു മര്‍ദ്ദനം. നായ നിരന്തരം കുരച്ച് ബഹളമുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു ക്രൂരത.

മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വലിയ വടി കൊണ്ട് നായയെ തല്ലി ചതയ്ക്കുകയായിരുന്നു. നായയുടെ കാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. നായയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവാക്കളെ തടഞ്ഞ് നായയെ രക്ഷിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു. നായയുടെ ഉടമയും അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

നായയെ തല്ലിച്ചതച്ച രാഹുൽ, രജത്, രഞ്ജിത് എന്നിവരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കെആർ പുരത്തെ മഞ്ജു നാഥ ലെയൗട്ടിൽ താമസിക്കുന്നവരാണ് ഇവര്‍. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ ‌മൃഗാശുപത്രിയിലേക്ക് മാറ്റി. രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്താതെ കുരയ്ക്കുന്നുവെന്നതായിരുന്നു മര്‍ദ്ദനത്തിന് യുവാക്കള്‍ കണ്ടെത്തിയ കാരണമെന്ന് പൊലീസ് പറഞ്ഞു. നായയോട് കൊടും ക്രൂരത കാട്ടിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.