മൂന്ന് പേരും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. നാലാമൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്. 

ഭുവനേശ്വർ: സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ മൂന്ന് പേരും രക്ഷിക്കാൻ ഇറങ്ങിയ ഒരാളും ഉൾപ്പെടെ നാല് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഒഡിഷയിലെ നാബ്‍രംഗപൂർ ജില്ലയിലാണ് സംഭവം. പുതിയതായി പണികഴിപ്പിച്ച പത്തടി നീളവും പത്തടി വീതിയുമുള്ള സെപ്റ്റിക് ടാങ്കിന്റെ സെൻട്രൽ സ്ലാബ് ഇളക്കി അകത്ത് കടന്ന തൊഴിലാഴികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 

ആദ്യം രണ്ട് തൊഴിലാളികളാണ് ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. ഏതാനും മിനിറ്റുകൾക്കകം തന്നെ അവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ ഇവരെ രക്ഷിക്കാനായി മറ്റൊരു തൊഴിലാളി കൂടി ടാങ്കിലേക്ക് ഇറങ്ങി. അയാൾക്കും ശ്വാസംമുട്ടിയോടെ അലർച്ച കേട്ട് പരിസരത്ത് നിൽക്കുകയായിരുന്ന ഒരാൾ ഇവരെ സഹായിക്കാനായി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ആളുകൾ വിവരം അറിയിച്ചത് അനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി. നാല് പേരെയും ടാങ്കിന് പുറത്തെത്തിച്ചു. എല്ലാവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മൂന്ന് പേരും അതിനോടകം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. നാലാമനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാങ്കിൽ ഇറങ്ങുമ്പോൾ തൊഴിലാളികൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളോ ഓക്സിജനോ ഉണ്ടായിരുന്നില്ലെന്നും ഒരുവിധി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവർ ടാങ്കിലേക്ക് ഇറങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യഥാർത്ഥ മരണകാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം