പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.
ദില്ലി : കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി നാളെ പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്. കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക. നേരത്തെ, എന്തുകൊണ്ടാണ് കേന്ദ്ര ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കേരളത്തിലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നായിരുന്നു ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി.


