പശ്ചിമ ബംഗാളിലെ മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റി ചെയർമാൻ പ്രഭാത് പട്നി തൃണമൂൽ കോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്നു. മറ്റ് ആറ് തൃണമൂൽ കൗൺസിലർമാർ കൂടി പാർട്ടി വിടുമെന്നും ഇതോടെ മുനിസിപ്പാലിറ്റി ഭരണം കോൺഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ രാഷ്ട്രീയമാറ്റം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയുടെ ഭരണം തൃണമൂൽ കോൺഗ്രസിന് നഷ്ടമാകുന്നു. ഇപ്പോഴത്തെ മുനിസിപ്പാലിറ്റി ചെയർമാനും തൃണമൂൽ നേതാവുമായ പ്രഭാത് പട്നി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശുഭങ്കർ സർക്കാരിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ ആകെ 9 വാർഡുകളാണുള്ളത്. 2022-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസാണ് ഇവിടെ ഭരണം പിടിച്ചത്. ബാക്കി 2 സീറ്റുകൾ ബി.ജെ.പിക്കാണ്.
താൻ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ മുനിസിപ്പാലിറ്റിയിലെ ബാക്കിയുള്ള 6 തൃണമൂൽ കൗൺസിലർമാർ കൂടി ഉടൻ തന്നെ കോൺഗ്രസിൽ ചേരുമെന്ന് പ്രഭാത് പട്നി വ്യക്തമാക്കി. ഇതോടെ മുനിസിപ്പാലിറ്റി ഭരണം പൂർണ്ണമായും കോൺഗ്രസിന്റെ കൈകളിലാകും. മൂന്ന് വർഷം മുൻപ് പുരുലിയ ജില്ലയിലെ ഝൽദ മുനിസിപ്പാലിറ്റി ഭരണം കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സമാനമായ രീതിയിൽ കൗൺസിലർമാരെ കൂറുമാറ്റി പിടിച്ചെടുത്തിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോൾ മെഖ്‌ലിഗഞ്ചിൽ കോൺഗ്രസ് നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പട്നി പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ കോൺഗ്രസാണ് മികച്ച ബദലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ ഒരു തദ്ദേശ സ്ഥാപനത്തിലും കോൺഗ്രസിന് ഭരണമുണ്ടായിരുന്നില്ല. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ മേഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ ലഭിക്കുന്ന ഈ ഭരണം സംസ്ഥാനത്ത് കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.


