രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നപ്പോൾ, പഠനമില്ലാത്ത പരിഷ്കരണമെന്ന് കേരളം വിമർശിച്ചു. അഹമ്മദാബാദ് വിമാന അപകട അന്വേഷണം പരിശോധിക്കാനും കേരളത്തിലെ വിസി നിയമനത്തിൽ ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചും സുപ്രീംകോടതി
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതാണ് ഇന്നത്തെ ഏറ്റവും സുപ്രധാനമായ വാര്‍ത്ത. അഞ്ചു ശതമാനം, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. അതേസമയം, വേണ്ട പഠനം നടത്താതെയാണ് ജിഎസ്ടി പരിഷ്ക്കരണമെന്ന വിമർശനമാണ് കേരളം ഉന്നയിക്കുന്നത്. ഇതിനിടെ അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ അന്വേഷണം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനം എടുത്തതും ഇന്നത്തെ നിര്‍ണായക വാര്‍ത്തകളിലൊന്നാണ്.
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക്
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനം, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിമര്‍ശനവുമായി കേരളം
വേണ്ട പഠനം നടത്താതെയാണ് ജിഎസ്ടി പരിഷ്ക്കരണമെന്ന വിമർശനമാണ് കേരളം ഉന്നയിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ അതിഥിയായെത്തി ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റിന്‍റെ ജിഎസ്ടി കൂടിയെങ്കിലും കേരളം ടിക്കറ്റ് നിരക്ക് കൂട്ടില്ല. ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച നടത്തി ലോട്ടറി മേഖലയിലുള്ളവരെ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഗവര്‍ണർക്ക് തിരിച്ചടി
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണം, മുഖ്യമന്ത്രിയെ നിയമന പ്രക്രിയയില്‍നിന്ന് ഒഴിവാക്കണം എന്നിവയാണ് ആവശ്യങ്ങള്‍. ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റിയുടെ നടപടികള്‍ക്കുശേഷമുള്ള റിപ്പോര്‍ട്ട് ലഭിക്കട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി. ശേഷം ആവശ്യമെങ്കില്‍ കോടതി ഇടപെടാമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ അന്വേഷണം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനം. അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോ എന്നാണ് കോടതി പരിശോധിക്കുക. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട നൽകിയ ഹർജിയിലാണ് തീരുമാനം. ഹർജിയിൽ കേന്ദ്ര സർക്കാരിനും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു. അന്വേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം ചോരുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
നെതന്യാഹുവിന്‍റെ വെല്ലുവിളി
ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്ന വെല്ലുവിളിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെ ഉൾപ്പടെ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം. എല്ലാത്തിനും അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നൽകുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം തേടി ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ലോകം ഉറ്റുനോക്കുകയാണ്.

