സാധാരണക്കാരുടെ വേഷത്തിലാണ് അഞ്ച് ഉദ്യോഗസ്ഥർ വ്യാപാര കേന്ദ്രത്തിലേക്ക് എത്തിയത്. ആരാണെന്ന് പോലും വിശദമാക്കാൻ നിൽക്കാതെ അധികൃതർ തോക്കെടുത്ത് വീശിയെന്നാണ് ആരോപണം

മൊഹാലി: റെയ്ഡിനിടെ വ്യാപാരികൾക്ക് നേരെ തോക്ക് ചൂണ്ടി ഉദ്യോഗസ്ഥർ. ഭയന്ന് പോയ വ്യാപാരിക്ക് ദാരുണാന്ത്യം. മൊഹാലിയിലെ മുല്ലൻപൂരിൽ കൗണ്ടർ ഇന്റലിജൻസ് ഏജൻസിയുടെ റെയ്ഡിനിടെ തിങ്കളാഴ്ചയാണ് സംഭവം. ഖരാറിൽ നിന്നുള്ള കൗണ്ടർ ഇന്റലിജൻസ് ഏജൻസി സംഘമാണ് വ്യാപാര കേന്ദ്രത്തിൽ റെയ്ഡിനെത്തിയത്. ഇവിടെ ചീട്ടുകളിച്ചുകൊണ്ടിരുന്ന ആളുകൾക്ക് നേരെ ഉദ്യോഗസ്ഥ സംഘത്തിലൊരാൾ റിവോൾവർ ചൂണ്ടുകയായിരുന്നു. തോക്ക് കണ്ട് തളർന്ന് വീണ വ്യാപാരിയുടെ അവസ്ഥ അതിവേഗം മോശമാവുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. തളർന്ന് വീണ മറ്റൊരാൾ ചികിത്സയിൽ തുടരുകയാണ്. 

സാധാരണ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ പെട്ടന്ന് തോക്ക് എടുത്ത് വീശിയെന്ന് ദൃക്സാക്ഷി

സാധാരണക്കാരുടെ വേഷത്തിലാണ് അഞ്ച് ഉദ്യോഗസ്ഥർ വ്യാപാര കേന്ദ്രത്തിലേക്ക് എത്തിയത്. തിങ്കളാഴ്ചകളിൽ മുല്ലൻപൂരിലെ വ്യാപാര കേന്ദ്രം പ്രവർത്തിക്കാറില്ല. അവധി ദിവസം ചീട്ടുകളിക്കാനും നേരം പോക്കിനുമായി വ്യാപാരികൾ ചന്തയിൽ എത്തുന്നത് പതിവും ആയിരുന്നു. ഇവിടേക്ക് എത്തിയ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതാണെന്ന് വ്യക്തമാക്കാതെ തോക്കെടുത്ത് ചൂണ്ടിയെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. പെട്ടന്ന് എത്തിയ ആളുകൾ തോക്കെടുത്ത് ചൂണ്ടിയതോടെ പ്രായമാവർ അടക്കമുള്ള വ്യാപാരികൾ ഭയന്ന് പോയതായുമാണ് ദൃക്സാക്ഷി വിശദമാക്കുന്നത്. 

55 വയസ് പ്രായമുള്ള രാജേഷ് കുമാർ സോനി എന്നയാളാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ രൂപം കൊണ്ടിരുന്നു. നാട്ടുകാർ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരിൽ രണ്ട് പേരെ തടഞ്ഞുവച്ച് മർദ്ദിച്ചു. സംഘർഷാവസ്ഥ രൂപം കൊണ്ടതോടെ മേഖലയിൽ നിരവധി പൊലീസുകാരെയാണ് വിന്യസിച്ചത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം