മൂന്ന് എ.കെ സീരീസ് റൈഫിളുകൾ, പന്ത്രണ്ട് വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് നിരവധി ആക്രമണ സാമഗ്രികൾ എന്നിവ കണ്ടെടുത്തു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. വ്യാഴാഴ്ച ത്രാലിലെ നാദർ പ്രദേശത്ത് നടത്തിയ ഭീകര-വിരുദ്ധ ഓപ്പറേഷനിലാണ് ആയുധധാരികളായ മൂന്ന് ഭീകരരെ വധിച്ചത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച തെരച്ചിലിൽ സൈന്യത്തോടൊപ്പം ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവയും പങ്കെടുത്തു.
അവന്തിപുരയിലെ നാദറിൽ നടന്ന ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വകവരുത്തിയതായി സൈന്യത്തിന്റെ ചിനാർ കോർപ് എക്സിലൂടെ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തുവരികയും ചെയ്തു. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യവാർ അഹമ്മദ് ഭട്ട് എന്നിവരെയാണ് ഏറ്റുമുട്ടലിൽ സേനകൾ കൊലപ്പെടുത്തിയത്. ഇവരിൽ നിന്ന് മൂന്ന് എ.കെ സീരീസ് റൈഫിളുകൾ, പന്ത്രണ്ട് വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് നിരവധി ആക്രമണ സാമഗ്രികൾ എന്നിവ കണ്ടെടുത്തു.
കശ്മീർ താഴ്‌വരയിൽ പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകര സംവിധാനം എത്രത്തോളം ആഴത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവായാണ് ഇന്ന് കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ സാന്നിദ്ധ്യം വിലയിരുത്തപ്പെടുന്നത്. ത്രാലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരും തങ്ങളുടെ സംഘത്തിൽ പെട്ടവരാണെന്ന് ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച സയ്യിദ് സലാഹുദ്ദീൻ നേതൃത്വം നൽകുന്ന ഹിസ്ബുൾ മുജാഹിദീൻ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
കമാൻഡർ മുഹമ്മദ് ആസിഫ് എന്ന സാഹിദ്, അമീർ നസീർ എന്ന ഗാസി ബാബ, അബു സറാർ എന്നിവരാണ് മരിച്ചതെന്ന് ഹിസ്ബുൽ നേതാക്കളായ മുഹമ്മദ് സൈഫുള്ള ഖാലിദും ഗാസി താരിഖ്-ഉൾ-ഇസ്ലാമും അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികളായും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരായുമായാണ് ഹിസ്ബുൽ നേതാക്കൾ വിശേഷിപ്പിച്ചത്.

