ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്ത യുവതി, സീറ്റ് മാറാൻ ആവശ്യപ്പെട്ട ടിക്കറ്റ് എക്സാമിനറുമായി (ടിടിഇ) തർക്കിച്ചു. ഉദ്യോഗസ്ഥൻ തന്നെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച യുവതി, സീറ്റിൽ നിന്ന് മാറാൻ വിസമ്മതിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദില്ലി: ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്യുകയും ഇത് ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറുമായി (ടിടിഇ) തർക്കിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി, തന്നോട് റിസർവ് ചെയ്യാത്ത കോച്ചിലേക്ക് മാറാൻ ആവശ്യപ്പെട്ടതിന് പിന്നാലെ, ഉദ്യോഗസ്ഥൻ തന്നെ 'ശല്യം ചെയ്തെന്ന് യുവതി ആരോപിച്ചു. വൈറലായ വീഡിയോയിൽ, റിസർവ് ചെയ്ത സീറ്റിൽ നിന്ന് മാറിയിരിക്കാൻ ടിടിഇ. യുവതിയോട് ആവശ്യപ്പെടുന്നത് കാണാം. "നിങ്ങൾക്ക് ടിക്കറ്റില്ല. ഈ റിസർവ് ചെയ്ത സീറ്റിൽ നിന്ന് പോകാനാണ് ഞാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.
മാറിയിരിക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം ദേഷ്യത്തോടെ വ്യക്തമല്ലാത്ത എന്തോ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് യുവതി. പിന്നീട് വാഗ്വാദത്തിനിടെ യുവതിയുടെ ശ്രദ്ധ ടിടിഇയുടെ ഫോണിലേക്ക് തിരിയുന്നത്, "നിങ്ങൾ ഈ ഫോൺ കാണിക്കൂ, ഒരു സ്ത്രീയുടെ വീഡിയോ നിങ്ങൾക്ക് ഇങ്ങനെ എടുക്കാൻ കഴിയില്ലെന്നും അവര്‍ പറയുന്നു. ദയവായി പോകുക, ഇവിടെ ടിക്കറ്റില്ലാതെ ഇരിക്കാൻ കഴിയില്ല എന്ന് ടിടിഇ ശാന്തനായി പറയുന്നു. തർക്കം തുടരുമ്പോഴും ടി.ടി.ഇ. സംയമനം പാലിക്കുകയും തന്നെ ഉപദ്രവിക്കാൻ ശ്രമിക്കരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. യുവതി വീണ്ടും സീറ്റിൽ ഇരുന്നുകൊണ്ട്, "നിങ്ങൾ മനഃപൂർവം എന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് എനിക്കറിയാം. അതാണ് നിങ്ങളുടെ ഉദ്ദേശ്യം. ഞാൻ ഇവിടെ ഇരിക്കാൻ പോവുകയാണ്, നിങ്ങൾ എന്താണ് ചെയ്യും ദേഷ്യത്തോടെ പറയുന്നു. വീഡിയോയിൽ സംയമനം പാലിച്ച് നിസഹായനായി നൽക്കുകയാണ് ടിടിഇ.
ഇത് ഇരുവരുടെയും ആദ്യത്തെ തർക്കമല്ലെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. യുവതി മുൻപും ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. "ഇതാണ് എൻ്റെ ജോലി. നിങ്ങൾ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ, ഞാൻ എന്തുചെയ്യാനാണ്?" എന്നും ടി.ടി.ഇ. ചോദിക്കുന്നു. എന്നാൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ യുവതിക്ക് ടിക്കറ്റ് ഹാജരാക്കാൻ സാധിക്കുന്നില്ല. ഈ വീഡിയോയുടെ തീയതിയോ സ്ഥലമോ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


