ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ബി ജെ പിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയെ നേരിട്ടത്

ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ബി ജെ പിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയെ നേരിട്ടത്. ഇതിനൊപ്പം തന്നെ ഉത്തർപ്രദേശിലെ ഘോസിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ത്യ മുന്നണിക്ക് നിർണായകമാണ്. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമേ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണൽ ബഹിഷ്കരിച്ചിട്ടുണ്ട്.

പുതുപ്പള്ളിയിൽ ഉറ്റുനോക്കി കേരളം! മനമറിയാം തത്സമയം

ത്രിപുര ബിജെപിക്കും സിപിഎമ്മിനും നിർണായകം

കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധൻപ്പൂരില്‍ ഉപതെര‍ഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്. ത്രിപുരയിലെ ബോക്സാനഗറില്‍ സി പി എമ്മിന്‍റെ എം എം എൽ എ ആയിരുന്ന ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഷംസുല്‍ ഹഖിന്‍റെ മകൻ മിയാന്‍ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്. ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലെയും ബോക്സാനഗറിലെയും വിധി അതി നിർണായകമാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറില്‍ തഫാ‍ജല്‍ ഹുസൈനാണ് ബി ജെ പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി ബി ജെ പിക്ക് മുന്നിലുണ്ട്.

'ഇന്ത്യ' വിഭജിച്ച് മത്സരിച്ച ബംഗാളിലാര്?

പശ്ചിമബംഗാളിലെ ദുപ്‍ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബി ജെ പിയും സി പി എം കോൺഗ്രസ് സഖ്യവും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്. ബി ജെ പിയുടെ എം എല്‍ എ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെര‍ഞ്ഞെടുപ്പ് നടന്നത്.

ഘോസി, 'ഇന്ത്യ'യുടെ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം

പ്രതിപക്ഷ ഐക്യമായി 'ഇന്ത്യ' മുന്നണിയുടെ യഥാർത്ഥ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാകും ഉത്തർപ്രദേശിലെ ഘോസിയിലെ തെരഞ്ഞെടുപ്പ് ഫലം. സമാജ്‍വാദി പാര്‍ട്ടി എം എല്‍ എ ധാര സിങ് ചൗഹാൻ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേർന്നതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഉപതെരഞ്ഞെടുപ്പില്‍ ധാര സിങ് ചൗഹാൻ ബി ജെ പി സ്ഥാനാർത്ഥിയായപ്പോള്‍ 'ഇന്ത്യ' മുന്നണിയിലെ കോണ്‍ഗ്രസ് ഇടത് ആം ആദ്മിപാര്‍ട്ടികളുടെ പിന്തുണയിലാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിർത്തിയത്. ജാർഖണ്ഡ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം