സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച് പിയുടെ ഹർജി കല്‍ക്കട്ട ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്.

ദില്ലി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ ഒടുവിൽ നടപടിയുമായി ത്രിപുര സർക്കാർ. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി. സിംഹങ്ങളുടെ പേര് പശ്ചിമ ബംഗാളിൽ വലിയ വിവാദമായിരുന്നു. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ പശ്ചിമബം​ഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്ക് എത്തിച്ചത്. 

സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച് പിയുടെ ഹർജി കല്‍ക്കട്ട ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്. ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. 

സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാൻ കോടതി സർക്കാരിന് നിദ്ദേശം നകിയിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കല്‍ക്കട്ട ഹൈക്കോടതി ജൽപൈഗുരി സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു. ഇതില്‍ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തില്‍ റിട്ട് ഹര്‍ജി എന്തിനാണ് നല്‍കിയതെന്നും കോടതി ചോദിച്ചു. 

Read More : കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു