ത്രിപുരയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി സുദീപ് റോയ് ബര്‍മയെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 

അഗര്‍ത്തല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ത്രിപുരയില്‍ ബിജെപി മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ത്രിപുരയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി സുദീപ് റോയ് ബര്‍മയെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ത്രിപുര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ചുമതലയേറ്റെടുക്കും.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കൂടാതെ പിഡബ്ല്യുഡി, ഐടി, ശാസ്ത്ര-സാങ്കേതിക വിദ്യ എന്നീ വകുപ്പുകളും സുദീപ് റോയ് കൈകാര്യം ചെയ്തിരുന്നു. ഇതിൽ പിഡബ്ലുഡി, ഐടി എന്നീ വകുപ്പുകളുടെ ചുമതല ബിപ്ലവ് കുമാർ ദേബും ശാസ്ത്ര-സാങ്കേതിക വിദ്യ വകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മയും ഏറ്റെടുക്കും.

ആരോഗ്യ മന്ത്രിയായിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭച്ഛിത്രം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് സുദീപ് റോയിയും ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ഇടിച്ച് കയറിയത് വലിയ വിവാദമായിരുന്നു. മെയ് 22-നായിരുന്നു സംഭവം. 

അതേസമയം, 2018-ൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന എംഎല്‍എയാണ് സുദീപ് റോയ്. എന്നാല്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സുദീപ് റോയ് പങ്കെടുത്തില്ല. അര്‍ഹതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ പ്രതികരണം.