വ്യാജ ഒപ്പുകൾ പതിച്ച ഫീസ് കാർഡുകൾ കൈവശം വച്ചിരുന്നതായി കോളേജ് അധികൃതർ കണ്ടെത്തി
തൃപുര: അഡ്മിഷനില്‍ ക്രമക്കേട് കാണിച്ച അധ്യാപകനെ സസ്പെന്‍റ് ചെയ്ത് തൃപുരയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. അഗര്‍തലയിലെ റാംതാക്കൂര്‍ കോളേജിലെ പ്രൊഫസര്‍ അഭിജിത് നാഥ് എന്ന അധ്യാപകനെയാണ് സസ്പെന്‍റ് ചെയ്തത്. കോളേജില്‍ അനധികൃതമായി അഡ്മിഷൻ നടന്നു എന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് നടപടി.
ജൂലൈ 18 ന് ഔദ്യോഗിക പ്രവേശന പട്ടികയിൽ പേരില്ലാത്ത ചില വിദ്യാർത്ഥികൾ കോളേജ് ഭരണകൂടത്തിന്റെ വ്യാജ ഒപ്പുകൾ പതിച്ച ഫീസ് കാർഡുകൾ കൈവശം വച്ചിരുന്നതായി കോളേജ് അധികൃതർ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഭിജിത് നാഥിന്‍റെ പങ്ക് വ്യക്തമാകുന്നത്. അനുമതിയില്ലാതെ ഓഫീസിൽ നിന്ന് 50 ഫീസ് കാർഡുകൾ എടുത്ത് തന്റെ വസതിയിൽ അഭിജിത് സൂക്ഷിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ ആ കാർഡുകളിൽ 28 എണ്ണം തിരികെ നൽകിയിരുന്നു എന്നാണ് അഭിജിത് പറഞ്ഞത്. മറ്റുള്ളവയെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

