പ്രൈം വോളിബോള്‍ ലീഗില്‍ നാളെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ മിറ്റിയോഴ്സ് ഗോവ ഗാര്‍ഡിയന്‍സിനെയും, രണ്ടാം സെമിയില്‍ ബെംഗളൂരു ടോര്‍പിഡോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെയും നേരിടും. 

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗില്‍ നാളെ സെമിഫൈനല്‍ പോരാട്ടം. വൈകിട്ട് 6.30ന് ആദ്യസെമിയില്‍ ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ മിറ്റിയോഴ്സ് നാലാം സ്ഥാനക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിടും. രാത്രി 8.30ന് രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു ടോര്‍പിഡോസും മൂന്നാം സ്ഥാനക്കാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും തമ്മിലാണ് രണ്ടാം സെമി. കളിച്ച 7 മത്സരങ്ങളില്‍ ആറും ജയിച്ച് 17 പോയിന്റുമായാണ് മുംബൈ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ബെംഗളൂരു ഏഴില്‍ അഞ്ച് മത്സരം ജയിച്ച് 14 പോയിന്റുകള്‍ നേടി. 12 പോയിന്റോടെയായിരുന്നു അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ മൂന്നാം സ്ഥാനം. എന്നാല്‍ ബുധനാഴ്ച്ച അവസാന ലീഗ് മത്സരത്തിലാണ് നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് കടന്നുകൂടിയത്. അവസാനമത്സരത്തില്‍ സെമി ഉറപ്പാക്കാന്‍ ഡല്‍ഹി തൂഫാന്‍സിനും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനും ജയം അനിവാര്യമായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കോ 3-1 എന്ന നിലയിലോ ജയിച്ചാലായിരുന്നു ഡല്‍ഹിക്ക് സാധ്യത. കൊല്‍ക്കത്തയ്ക്ക് ഒരു ജയം മാത്രം മതിയായിരുന്നു.

ആദ്യ സെറ്റ് നേടിയ ഡല്‍ഹിയെ തുടരെ രണ്ട് സെറ്റുകള്‍ സ്വന്തമാക്കി കൊല്‍ക്കത്ത സെമി സാധ്യത വഴിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍, ഡല്‍ഹി ക്യാപ്റ്റന്‍ സഖ്ലൈന്‍ താരിഖിന്റെ നേതൃത്വത്തില്‍ തിരിച്ചടിച്ചതോടെ ജയം തൂഫാന്‍സിന് സ്വന്തമായി, ഇതോടെ കൊല്‍ക്കത്തയും പുറത്തായി.

10 പോയിന്റുമായി ഗോവ ഗാര്‍ഡിയന്‍സ് നാലാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയ്ക്കും ഡല്‍ഹിക്കും പുറമേ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനും 10 പോയിന്റ് വീതമുണ്ടായിരുന്നു. എന്നാല്‍ സെറ്റ് വ്യത്യാസത്തിലെ മുന്‍തൂക്കം ഗോവയെ അവസാന നാലിലെത്തിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് 6 മത്സരവും തോറ്റ് നേരത്തേ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു.

YouTube video player