ഒരു മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് ബൈക്കിൽ സഞ്ചരിക്കവെ പൊലീസിന് നേരെ വെടിവെച്ചത്.
ന്യൂഡൽഹി: ട്രാഫിക് ബ്ലോക്കിൽ വെച്ച് വ്യവസായിയെ വെടിവെച്ചുകൊന്ന കേസിലെ രണ്ട് പ്രതികളെ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ മാസമാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. അന്നു മുതൽ പ്രതികൾ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ സൗത്ത് ഡൽഹിയിലെ ബിആർടി കോറിഡോറിലൂടെ പ്രതികൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇവിടെയുള്ള സിഎൻജി പമ്പിനടത്തുവെച്ച് ഇവർ പൊലീസുകാർക്ക് നേരെ വെടിവെച്ചു. പൊലീസ് തിരിച്ച് നടത്തിയ വെടിവെപ്പിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയ് 15നാണ് വ്യവസായിയായ അരുൺ ലോഹിയയെ ഡൽഹി ഛത്താർപൂരിൽ വെച്ച് കാറിൽ സഞ്ചരിക്കവെ ഒരു സംഘം വെടിവെച്ചുകൊന്നത്. അച്ഛനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. സാകേതിലെ കോടതിയിൽ ഹാജരായ ശേഷം മടങ്ങുമ്പോൾ ഒരു ഗുരുദ്വാരയ്ക്ക് സമീപം കാർ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി. ഈ സമയത്താണ് രണ്ട് പേർ കാറിനടുത്തേക്ക് ഓടിയെത്തി തൊട്ടടുത്ത് നിന്ന് അരുണിനെ വെടിവെച്ചത്.
സംഭവസ്ഥലത്തു വെച്ച തന്നെ അരുൺ മരണപ്പെട്ടു. തൊട്ടടുത്ത സീറ്റിലിരുന്ന് അച്ഛൻ ഈ രംഗങ്ങളെല്ലാം കാണുകയും ചെയ്തു. ഡ്രൈവിങ് സീറ്റിലിരിക്കുകയായിരുന്ന മകന് രക്ഷപ്പെടാൻ ശ്രമിക്കാനുള്ള അവസരം പോലും കിട്ടിയില്ലെന്ന് അച്ഛൻ പിന്നീട് പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ പൊലീസ് പുറത്തുവിട്ടിട്ടില്ല.


