അഞ്ച് എംഎൽഎമാരാണ് ഗുജറാത്തിൽ ആംആദ്മി പാർട്ടിക്കുള്ളത്. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ടി വിടുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അഹമ്മദാബാദ്: ഗുജറാത്തിൽ കൂടുതൽ എഎപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഭയാനിക്ക് പുറമെ ബോത്തഡ് എംഎൽഎ ഉമേഷ് മക്വാനയും ഗരിയാധർ എംഎൽഎ സുധീർ വഘാനിയും ബിജെപിയിലേക്ക് പോകുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയാൽ കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ല. അതേസമയം, റിപ്പോർട്ടുകളെ തള്ളി എഎപി എംഎൽഎമാർ രംഗത്തെത്തി. ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം വാസ്തവമല്ലെന്നും എഎപിയിൽ തുടരുമെന്നും എംഎൽഎമാർ വ്യക്തമാക്കി.
എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്തയെ നേരത്തെ ദേശീയ നേതൃത്വവും തള്ളിയിരുന്നു. അഞ്ച് എംഎൽഎമാരാണ് ഗുജറാത്തിൽ ആംആദ്മി പാർട്ടിക്കുള്ളത്. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ടി വിടുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കും. സീറ്റ് ലഭിക്കാത്തതിനാൽ ബിജെപി വിട്ട് മത്സരിച്ച് ജയിച്ചവരാണ് തിരികെ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ധർമ്മേന്ദ്രസിങ് വഗേല, ധവൽസിൻഹ് സാല, മാവ്ജിഭായ് ദേശായി എന്നിവരാണ് ബിജെപിയിലേക്ക് തിരിച്ചെത്തുക.
കഴിഞ്ഞ ദിവസം എഎപി എംഎല്‍എയായ ഭൂപത് ഭയാനി ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹമുയർന്നിരുന്നു. പിന്നാലെ, ബിജെപിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ ചേരാൻ പോകുന്നില്ല. പൊതുജനങ്ങളോട് അവർക്ക് എന്താണ് വേണ്ടതെന്ന്ചോദിക്കും. അതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഭൂപത് ഭയാനി പറഞ്ഞു. അതേസമയം, ബിജെപിയെ പുറത്തുനിന്ന് പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിൽ ഇന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖർക്കൊപ്പം പങ്കെടുക്കാൻ 200 സന്ന്യാസിമാരും എത്തും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള അംഗങ്ങളും സദസ്സിലുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലും 25 ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 182 സീറ്റുകളിൽ 156 എണ്ണവും 53 ശതമാനം വോട്ടുവിഹിതവും നേടിയാണ് തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറിയത്.
