തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് മരണം. വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകളുമാണ് മരിച്ചത്. 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകളുമാണ് മരിച്ചത്. കടലൂരിലാണ് സംഭവം. അശ്വതി (69) മകൾ ജയ എന്നിവർ ആണ് മരിച്ചത്. തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. വടക്കൻ ജില്ലകളായ തിരുവള്ളൂരിലും റാണിപ്പെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ ഉൾപ്പടെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വൈകിട്ടോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു. തീവ്രമഴ മുന്നറിയിപ്പുള്ള ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി അയച്ചെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ പൊതുഅടുക്കളയടക്കം ആരംഭിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.