Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തിന്റെ പ്രവർത്തനം എന്നെ ആകർഷിച്ചു'; എസ് ജയശങ്കറിനെ പ്രശംസിച്ച് യുഎഇ മന്ത്രി

ഇന്ത്യയുടെ വിദേശനയം ലോക വേദിയിൽ  എങ്ങനെ അവതരിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നത് തന്നെ ആകർഷിച്ചു എന്നാണ് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ അഭിപ്രായപ്പെട്ടത്. ദില്ലിയിൽ നടന്ന ഒരു കോൺഫറൻസിലായിരുന്നു അഭിനന്ദനം. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് യുഎഇ മന്ത്രി ചടങ്ങിൽ പങ്കെടുത്തത്. 

uae minister praises s jaishankar
Author
First Published Oct 26, 2022, 4:41 PM IST

ദില്ലി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് യുഎഇ മന്ത്രി. രാജ്യങ്ങൾ തമ്മിലുള്ള ഭൗമരാഷ്ട്രീയ വടംവലികൾക്കിടയിൽ എസ് ജയശങ്കർ ഇന്ത്യയുടെ വിദേശനയം ലോക വേദിയിൽ  എങ്ങനെ അവതരിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നത് തന്നെ ആകർഷിച്ചു എന്നാണ് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ അഭിപ്രായപ്പെട്ടത്. ദില്ലിയിൽ നടന്ന ഒരു കോൺഫറൻസിലായിരുന്നു അഭിനന്ദനം. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് യുഎഇ മന്ത്രി ചടങ്ങിൽ പങ്കെടുത്തത്. 
 
"ചരിത്രപരമായി, ലോകം ഏകമാനമോ ദ്വിമാനമോ ത്രിമാനമോ ആയിരുന്നു. അവിടെ നിങ്ങൾക്ക് പക്ഷങ്ങൾ തിരഞ്ഞെടുക്കേണ്ടി വന്നു. നിങ്ങളുടെ വിദേശകാര്യ മന്ത്രി  എന്നിൽ വളരെ മതിപ്പുളവാക്കി. അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ ഞാൻ കണ്ടു. യുഎഇക്കും ഇന്ത്യയ്ക്കും ഒരു കാര്യം പൊതുവായി വളരെ വ്യക്തമാണ്. നമ്മൾ വശങ്ങൾ തിരഞ്ഞെടുക്കേണ്ടതില്ല." ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. "അവസാനം, ഭൗമരാഷ്ട്രീയത്തെ (ജിയോപൊളിറ്റിക്സ്) നിർണ്ണയിക്കുന്നത് ചിലരുടെ മികച്ച താൽപ്പര്യമാണ്. ചരിത്രപരമായി നിലനിന്നിരുന്ന മാതൃക നിർഭാഗ്യവശാൽ ഇവിടെയില്ല. ഇന്ന് ഒരു രാജ്യം അതിന്റെ മികച്ച താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല എന്ന അല്ല.  നമുക്ക്  ഒരുമിച്ച് പ്രവർത്തിക്കാനാകും. I2U2 (ഇന്ത്യ-ഇസ്രായേൽ-UAE-USA) ഗ്രൂപ്പ് ഒരു മികച്ച ഉദാഹരണമാണെന്നും ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും അ​ദ്ദേഹം പറഞ്ഞു.  വാണിജ്യത്തിലൂടെ ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള സമയമാണിത്. ഇന്ത്യയും യുഎഇയും പോലുള്ള രാജ്യങ്ങൾക്ക് ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ കഴിയുക  വാണിജ്യത്തിലൂടെയാണ്. ഇന്ത്യയും യുഎഇയും പോലുള്ള രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, ലോകത്ത് നമ്മുടെ ചുവടുവയ്പ്പുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയും യുഎഇയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളത്. പരസ്പര സഹകരണത്തിന് സാധ്യമായ ഒന്നിലധികം മേഖലകളുണ്ട്. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സഹകരണം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. CyFY2022 എന്ന പരിപാടിയിലാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. സാങ്കേതികവിദ്യ, സുരക്ഷ, സമൂഹം എന്നിവ ചർച്ച ചെയ്യുന്നതിനായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) ദില്ലിയിൽ സംഘടിപ്പിച്ച ത്രിദിന സമ്മേളനം ഇന്നാണ് ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി 37 രാജ്യങ്ങളിൽ നിന്നുള്ള 150 പ്രതിനിധികൾ  പരിപാടിയിൽ പങ്കെടുക്കും. 

Read Also: ഹിജാബ് ധരിച്ച സ്ത്രീ പ്രധാനമന്ത്രിയാകാൻ ഭരണഘടന അനുവദിക്കുന്നു, പക്ഷേ അതിന് മുമ്പ് -ഒവൈസിക്ക് ബിജെപിയുടെ മറുപടി

 

 

 

Follow Us:
Download App:
  • android
  • ios