Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയുടെ ഭരണസാരഥ്യമേറാന്‍ ഉദ്ധവ് താക്കറെ, സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

പതിമൂന്ന് മന്ത്രിപദവികൾ കോൺഗ്രസിന് കിട്ടിയേക്കും. ശിവസേനയ്ക്ക് 16 മന്ത്രിപദവിയും എൻസിപിയ്ക്ക് 15 മന്ത്രിപദവിയും കിട്ടാനാണ് സാധ്യത

uddhav thackeray become Maharashtra CM oath taking ceremony on today
Author
Mumbai, First Published Nov 28, 2019, 12:24 AM IST

മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കുന്നു. ബാൽ താക്കറെ അന്ത്യവിശ്രമം കൊള്ളുന്ന മൈതാനത്ത് വച്ചാണ് ഉദ്ദവ് താക്കറെയുടെ കിരീട ധാരണം. ഇരുട്ടത്ത് നടന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പകൽ വെളിച്ചത്തിൽ ഗംഭീരമായൊരു മറുപടിയാണ് ത്രികക്ഷി സഖ്യം ആഗ്രഹിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് ശിവാജി പാർക്കില്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.

നിരവധി പ്രമഖരെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയ നേതാക്കളെ ഉദ്ദവ് താക്കറെ ഫോണിൽ വിളിച്ച് ക്ഷണിച്ചു. കോൺഗ്രസ് നേതാക്കളെ ഇന്നലെ തന്നെ  ആദിത്യ താക്കറെ ദില്ലയിലെത്തി കണ്ടിരുന്നു. മൂന്ന് പാർട്ടിയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉദ്ദവിനൊപ്പം സത്യപ്രതിഞ്ജ ചെയ്യുക. മന്ത്രിസഭാ വികസനം ഡിസംബർ മൂന്നിന് നടത്തുമ്പോൾ സർക്കാരിന്‍റെ ഘടന കൂടുതൽ വ്യക്തമാവും.

മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവും ശിവസേനയ്ക്ക് നൽകും. ഉപമുഖ്യമന്ത്രിയടക്കം 12 ക്യാബിനറ്റ് റാങ്കാണ് എൻസിപിക്ക് കിട്ടുക. ഒപ്പം 4 സഹമന്ത്രിസ്ഥാനവും. കോൺഗ്രസിന് 10 ക്യാബിനറ്റ് റാങ്കുകളും സ്പീക്കർ പദവിയും, ഇതാണ് ഇന്നലെ നടത്തിയ യോഗത്തിൽ ഉയർന്ന് വന്ന ഫോർമുല. പൃഥ്വിരാജ് ചവാനെയാണ് ആ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.

അതേസമയം ബിജെപിക്ക് ഒപ്പം ചേർന്ന് വെറും 80 മണിക്കൂർ ആയുസ്സുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാർ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയിൽ വിവിധ പദവികൾ ആർക്കെല്ലാം നൽകണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ചേരുന്ന സർവകക്ഷിയോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തു. തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാർ‍ യോഗത്തിൽ ചൂണ്ടിക്കാട്ടി. 

അജിത് പവാർ തന്നെയായിരുന്നു മഹാരാഷ്ട്രയിൽ പാർട്ടിക്ക് ചുക്കാൻ പിടിച്ചിരുന്നത്. സർക്കാർ രൂപീകരണത്തിൽ ശരദ് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെ പ്രധാന റോൾ ഏറ്റെടുത്തതോടെയാണ് അജിത് പവാർ തന്‍റെ ഭാവി പാർട്ടിയിൽ ഇരുളടഞ്ഞതാകുമോ എന്ന് ഭയന്നതും മറുകണ്ടം ചാടിയതും.തിരികെ വന്ന അജിത് പവാറിന് പ്രാധാന്യമുള്ള പദവി തന്നെ നൽകണമെന്ന് ഭൂരിപക്ഷം എൻസിപി എംഎൽഎമാരും ശരദ് പവാറിനോട് ആവശ്യപ്പെട്ടതാണ് സൂചന. അന്തിമതീരുമാനം എന്തായാലും ശരദ് പവാറിന്‍റേതാകും.

സോണിയയും രാഹുലുമില്ല?

സുപ്രധാനമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെ ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാർ മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനത്ത്, അതും ബിജെപിക്ക് തിരിച്ചടി നൽകിക്കൊണ്ട് അധികാരമേൽക്കുമ്പോൾ, അത് കാണാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയോ രാഹുൽ ഗാന്ധി എംപിയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹവും എത്തില്ല.

അനുകൂലിച്ചില്ലെന്ന് സിപിഎം

അതേസമയം, ബിജെപി അധികാരത്തിലേറുന്നത് തടയാനായി ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാരിന്‍റെ രൂപീകരണത്തെ എതിർക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ പുറത്താക്കണമെന്നും, സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശങ്ങൾ അനുസരിച്ച് കളിക്കുകയായിരുന്നു ഗവർണറെന്നും സിപിഎം. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന ഒരു പരിപാടിയിലും സിപിഎമ്മിന്‍റെ എംഎൽഎയോ, നേതാക്കളോ പങ്കെടുത്തിട്ടില്ലെന്നും, ഗവർണർ പുറത്തുവിട്ട അത്തരം കത്തിലെ വിവരങ്ങൾ തെറ്റാണെന്നും സിപിഎം അറിയിച്ചു.

കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ശിവാജി പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 2000 പൊലീസുദ്യോഗസ്ഥരാണ് ശിവാജി പാർക്കിന് സുരക്ഷയൊരുക്കുന്നത്. 

Follow Us:
Download App:
  • android
  • ios