ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നു. ആധാർ അധിഷ്ഠിത പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും പുതിയ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടി വരും.

ദില്ലി : വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ആധാർ നിയമപ്രകാരം ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് നിയമ ലംഘനമായതിനാലാണ് നടപടി. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ((UIDAI)) സിഇഒ ഭുവനേഷാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.

ഹോട്ടലുകൾ, ഇവന്റ് സംഘാടകർ, അടക്കം പല സ്ഥാപനങ്ങളും വ്യക്തി വിവരം സ്ഥിരീകരിക്കുന്നതിനായി ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികളാണ് ആവശ്യപ്പെടുന്നത്. ആധാർ വിവരങ്ങൾ ഇങ്ങനെ ശേഖരിക്കുന്നതിലൂടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് സ്ഥിരമായതോടെയാണ് ഇത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സിസ്റ്റം കൊണ്ടുവരുന്നത്.

ആധാർ അധിഷ്ഠിത പരിശോധനകൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും പുതിയ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടി വരും. ഓഫ്‌ലൈൻ വെരിഫിക്കേഷൻ തേടുന്ന ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഈ നിയമം നിർബന്ധമാക്കും. പേപ്പർ അധിഷ്ഠിത ആധാർ പരിശോധന ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ക്യുആർ കോഡ് സ്കാനിംഗ് വഴിയോ പരിശോധന നടത്താനും സംവിധാനമുണ്ടാകും.

മൊബൈല്‍ നമ്പര്‍ ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഈ സവിശേഷത ആധാര്‍ ആപ്പില്‍ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആധാര്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ വേണ്ടിവരില്ല. നാളിതുവരെ ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്‍‌റോള്‍മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇനി മൊബൈല്‍ ഫോണ്‍ വഴി നിമിഷ നേരം കൊണ്ട് ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.