ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി 68.53 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഗുവാഹത്തി വഴി അഗർത്തലയിലേക്ക് പോകാനെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും യാത്രക്കാരെയും ആദായനികുതി വകുപ്പിന് കൈമാറി.

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. യാത്രക്കാരായ രണ്ടുപേരിൽ നിന്നായി 68,53,500 രൂപയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ എക്സ്-ബി.ഐ.എസ് (X-BIS) പരിശോധനാ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് പണം പിടികൂടാൻ കാരണം.

വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു യാത്രക്കാരൻ കൂടി ഇയാൾക്കൊപ്പമുണ്ടെന്ന് വ്യക്തമായി. രണ്ടുപേരും ദില്ലിയിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെ നിന്ന് അഗർത്തലയിലേക്കും പോകാൻ എത്തിയതായിരുന്നു. ഇരുവരുടെയും ഹാൻഡ് ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത 68.53 ലക്ഷം രൂപ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെയും പിടിച്ചെടുത്ത പണം, ബാഗേജുകൾ, യാത്രാ രേഖകൾ എന്നിവയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Scroll to load tweet…