Asianet News MalayalamAsianet News Malayalam

ദേശീയപതാക വിതരണം ചെയ്തതിന് അം​ഗൻവാടി ടീച്ചർക്ക് 'ഐഎസ് വധഭീഷണി'യെന്ന് പരാതി; സുരക്ഷ നൽകി പൊലീസ് 

വധഭീഷണി ലഭിച്ചതിനെത്തുടർന്ന് അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കുറിപ്പ് എഴുതിയയാൾ ഐഎസുമായി ബന്ധമുണ്ടെന്നും കത്തിൽ അവകാശപ്പെട്ടു.

UP Family gets Police protection After IS threat
Author
Bijnor, First Published Aug 17, 2022, 4:03 PM IST

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക വിതരണം ചെയ്തതിനെ തുടർന്ന് ഭീകരസംഘടനയായ ഐഎസ് ഭീഷണിയെന്ന് പരാതി.  35കാരിയായ അന്നു എന്ന യുവതിയുടെ വീടിന്റെ ചുവരിലാണ് ഐഎസുമായി ബന്ധമുള്ളയാൾ എന്നുപറഞ്ഞ് ഭീഷണിക്കത്ത് എഴുതി പതിച്ചത്.  വധഭീഷണി ലഭിച്ചതിനെത്തുടർന്ന് അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കുറിപ്പ് എഴുതിയയാൾ ഐഎസുമായി ബന്ധമുണ്ടെന്നും കത്തിൽ അവകാശപ്പെട്ടു. 'ഞങ്ങളുടെ വീടിന്റെ ചുമരിൽ ആരോകുറിപ്പ് പതിപ്പിക്കുകയും എന്റെ ഭാര്യയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നുമുതൽ ഞങ്ങൾ ഭീതിയിലാണ്. വീടിന് പുറത്തിറങ്ങാറില്ല. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഭയത്തിലാണ്. ഇത് ആരെങ്കിലും ചെയ്ത കുസൃതിയാണെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ യഥാർഥത്തിലുള്ള ഭീഷണിയാണെങ്കിലോ. ഞങ്ങൾക്ക് ഭയം തോന്നുന്നു'- അന്നുവിന്റെ ഭർത്താവ് അരുൺ കുമാർ പറഞ്ഞു.

പതാക വിതരണം അന്നുവിന്റെ ചുമതലകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളുമായി കിരാത്പൂർ നഗരത്തിലെ ബുദ്ധപട മൊഹല്ലയിലാണ് ദമ്പതികൾ താമസിക്കുന്നത്. "അന്നൂ, വീടുവീടാന്തരം പതാകകൾ വിതരണം ചെയ്യുന്നതിൽ സന്തോഷിക്കരുത്, നിങ്ങളുടെ തല  ഉടൻ വെട്ടും" എന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. 

ബാങ്ക് കവർച്ചയ്ക്ക് തുരങ്കം കുഴിച്ചു, 20 അടി താഴ്ചയിലേക്ക് വീണ് കള്ളൻ, പൊലീസും ഫയർഫോഴ്സുമെത്തി

ഭർത്താവ് അരുണാണ് കുറിപ്പ് ആദ്യം കണ്ടത്. അൽപസമയത്തിനകം ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി. കുടുംബത്തിന്റെ ആശങ്ക കണക്കിലെടുത്ത് അവരുടെ വീടിന് പുറത്ത് 24 മണിക്കൂറും നാല് പൊലീസുകാരെ കാവൽ നിർത്തിയെന്നും പരാതിയിൽ കേസെടുത്തെന്നും പൊലീസ് അധികൃതർ പറഞ്ഞു. അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതനായ ഒരാൾക്കെതിരെ ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നജീബാബാദ് സർക്കിൾ ഓഫീസർക്ക് കൈമാറിയിട്ടുണ്ടെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രവീൺ കുമാർ രഞ്ജൻ വ്യക്തമാക്കി. സംഭവത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios