കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്.

ലഖ്നൗ: അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ പുതിയ നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞുനടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപ വീതം നല്‍കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.

കന്നുകാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 900 രൂപ നല്‍കുന്ന പദ്ധതിയാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്. ഗോരക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പൊലീസ് മേധാവി, മുഖ്യ മൃഗസംരക്ഷണ ഓഫീസര്‍, ഡെപ്യൂട്ടി മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.